രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജി ; തന്റെ വാദവും കേൾക്കണമെന്നാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ

ബലാത്സംഗ കേസിൽ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയെ എതിർത്ത് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. മുൻകൂർ ജാമ്യഹർജിയിൽ തീരുമാനം എടുക്കുന്നതിന് മുൻപ് തന്റെ ഭാഗവും കേൾക്കണമെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു. രാഹുലിനെതിരായ ആദ്യ കേസിലെ അതിജീവിതയാണ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയിരിക്കുന്നത്.

കേസിൽ കീഴ്ക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് രാഹുൽ മുൻകൂർ ജാമ്യഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ആദ്യ കേസിൽ പരാതിക്കാരിയുടെ എല്ലാ വാദങ്ങളും പരിഗണിച്ച ശേഷമാണ് കീഴ്ക്കോടതി ജാമ്യഹർജി തള്ളിയത്. നിലവിൽ രണ്ടാം കേസിൽ മാത്രമാണ് രാഹുലിന് ജാമ്യം ലഭിച്ചിരിക്കുന്നത്.

മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നതിനിടെ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞിരുന്നു. ജാമ്യഹർജിയിൽ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പിന്നീട് നീട്ടുകയും ചെയ്തു. നാളെ മുൻകൂർ ജാമ്യഹർജി പരിഗണിക്കാനിരിക്കെയാണ് അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങൾ കോടതിയെ അറിയിക്കാനുണ്ടെന്ന് അതിജീവിത അറിയിച്ചു. പരാതി നൽകിയതിനെ തുടർന്ന് വിവിധ തരത്തിലുള്ള സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നുവെന്നും, ചില കാര്യങ്ങൾ നേരിട്ട് കോടതിയെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും അപേക്ഷയിൽ പറയുന്നു.

അതിനാൽ തന്നെ കേസിൽ കക്ഷിയായി ചേർക്കണമെന്ന ആവശ്യമാണ് അതിജീവിത ഉന്നയിച്ചിരിക്കുന്നത്.
തന്റെ വാദം കൂടി കേട്ടതിന് ശേഷം മാത്രമേ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യഹർജിയിൽ കോടതി തീരുമാനം എടുക്കാവൂ എന്നാണ് അപേക്ഷയിലെ ആവശ്യം. നാളെ കക്ഷി ചേർക്കാനുള്ള ആവശ്യം കോടതി പരിഗണിച്ചാൽ, അതിജീവിതയ്ക്ക് തന്റെ വാദങ്ങൾ കോടതിയിൽ അവതരിപ്പിക്കാൻ അവസരം ലഭിക്കും.

മറുപടി രേഖപ്പെടുത്തുക