ചാത്തന്നൂർ ചിറക്കരയിൽ ഉണ്ടായ വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ചിറക്കര ഇടവട്ടം ഷിജി നിവാസിൽ പരേതനായ രമേശന്റെയും ശകുന്തളയുടെയും മൂത്ത മകൻ ഷിബു (46)യുടെ ഏഴ് അവയവങ്ങൾ ദാനം ചെയ്തു.
ഹൃദയം നേപ്പാൾ സ്വദേശിനിയായ 22 കാരി യുവതിക്ക് നൽകി. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്ക കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജിലേക്കും നൽകി. കരൾ തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും, രണ്ട് നേത്രപടലങ്ങൾ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമാണ് കൈമാറിയത്. കൂടാതെ തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്രവർത്തിക്കുന്ന സ്കിൻ ബാങ്കിലേക്ക് ഷിബുവിന്റെ ചർമ്മവും നൽകി.
ഹോട്ടൽ ജീവനക്കാരനായിരുന്നു ഷിബു. കഴിഞ്ഞ ഡിസംബർ 14ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. മുടി വെട്ടുന്നതിനായി വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറപ്പെട്ടപ്പോൾ ചിറക്കര–പുത്തൻകുളം റോഡിലെ മുക്കാട്ട്കുന്നിന് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിബുവിനെ ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് ഡിസംബർ 15ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ശസ്ത്രക്രിയയ്ക്ക് ശേഷം വെന്റിലേറ്ററിൽ തുടരുന്നതിനിടെയാണ് ഡിസംബർ 21ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചത്.
തുടർന്ന് ഡോക്ടർ ഷിബുവിന്റെ സഹോദരി ഷിജിയെ വിവരം അറിയിക്കുകയും അവയവദാനത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. “അവർ ജീവിക്കട്ടെ” എന്ന മനോഭാവത്തോടെയാണ് സഹോദരി ഷിജിയും ഭർത്താവും അവയവദാനത്തിന് സമ്മതം നൽകിയത്. തുടർന്ന് അമ്മ ശകുന്തളയെയും മറ്റ് കുടുംബാംഗങ്ങളെയും വിവരം അറിയിക്കുകയും എല്ലാവരും ചേർന്ന് അനുമതി നൽകുകയും ചെയ്തു.
ഷിബുവിന്റെ സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ നടക്കും.
