നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുന്നില്ലെന്ന് സാഹിത്യകാരൻ ബെന്യാമിൻ വ്യക്തമാക്കി. മത്സരിക്കാൻ യാതൊരു സാധ്യതയും ഇല്ലെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് ഏതെങ്കിലും രാഷ്ട്രീയ സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ടല്ലെന്നും, തന്റെ സ്വപ്നങ്ങളും ജീവിതരീതിയും സ്വഭാവവും മുഴുവൻ സാഹിത്യത്തിനായി തന്നെയാണെന്നും ബെന്യാമിൻ കുറിച്ചു.
സാഹിത്യരചനകളിലാണ് തന്റെ ആഹ്ലാദമെന്നും, അതിൽ തന്നെ ജീവിക്കാനാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. തന്റെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും തുറന്നുപറയും, എന്നാൽ അത് രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിനോ സ്ഥാനമാനങ്ങൾക്കോ വേണ്ടിയല്ലെന്നും ബെന്യാമിൻ വ്യക്തമാക്കി.
ഇത്തരം വാർത്തകൾ ഇനി പ്രസിദ്ധീകരിക്കാതിരിക്കണമെന്ന് മാധ്യമങ്ങളോടും അദ്ദേഹം അഭ്യർത്ഥിച്ചു. പത്തനംതിട്ടയിലെ ഒരു മണ്ഡലത്തിൽ നിന്ന് ബെന്യാമിൻ മത്സരിക്കുമെന്ന് റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് വിശദീകരണം.
പൊതുപ്രവർത്തനത്തിൽ അഭിരുചിയുള്ള നിരവധി മികച്ച പ്രതിഭകൾ സമൂഹത്തിലുണ്ടെന്നും, അവർ നല്ല രാഷ്ട്രീയം സമ്മാനിക്കട്ടെയെന്നും ബെന്യാമിൻ അഭിപ്രായപ്പെട്ടു. താൻ എഴുതാൻ ആഗ്രഹിക്കുന്ന ചില കൃതികൾ ഇനിയും ബാക്കി ഉണ്ടെന്നും, അവ എഴുതാൻ കഴിയുക തനിക്കു മാത്രമാണെന്ന ബോധ്യമുണ്ടെന്നും, ഈ ചെറിയ ജീവിതത്തിൽ അവ പൂർത്തിയാക്കുക തന്നെയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
