നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കെ. സുധാകരന് സീറ്റ് അനുവദിച്ചതിനെ തുടര്‍ന്ന് തനിക്കും സീറ്റ് നല്‍കണമെന്നാവശ്യപ്പെട്ട് അടൂര്‍ പ്രകാശ് രംഗത്ത്. തനിക്കെതിരെ സീറ്റ് നിഷേധിക്കാന്‍ വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഇടപെട്ടുവെന്ന ആരോപണവും അദ്ദേഹം ഉയർത്തിയിട്ടുണ്ട്..
സുധാകരന് സീറ്റ് നല്കാന് നേതൃത്വം തീരുമാനിച്ചതോടെ മത്സരിക്കില്ലെന്ന് അറിയിച്ച് അടൂര്‍ പ്രകാശ് മുന്‍പ് ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. എന്നാല്‍ പിന്നീട് ആ കുറിപ്പ് പിന്‍വലിച്ചു.
എംപിമാര്‍ മത്സരിക്കരുതെന്ന വ്യവസ്ഥയില്‍ ഇളവ് വരുത്തിയ സാഹചര്യത്തില്‍ തനിക്കും അതേ പരിഗണന ലഭിക്കണമെന്ന് അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടു. തുല്യനീതിക്ക് താനും അര്‍ഹനാണെന്ന് അദ്ദേഹം വ്യക്തമാക്കി. സീറ്റ് നല്കാതിരുന്നാല് പത്തനംതിട്ടയും തിരുവനന്തപുരം ജില്ലകളിലും പാര്‍ട്ടിക്ക് തിരിച്ചടി ഉണ്ടാകാമെന്ന മുന്നറിയിപ്പുകളും ഉയര്‍ന്നിട്ടുണ്ട്. യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് സജീവമായി മടങ്ങിയെത്തേണ്ടതുണ്ടെന്നതാണ് അടൂര്‍ പ്രകാശിന്റെ നിലപാട്.
മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ കോന്നിയില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയാണ് തന്നെ നിര്‍ദ്ദേശിച്ചതെന്നും, എന്നാല്‍ മത്സരിക്കേണ്ടതില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ അതിനെ അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. വ്യക്തികളോട് മാത്രമല്ല, പ്രസ്ഥാനത്തോടും തനിക്ക് ബാധ്യതയുണ്ടെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു.
പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലൂടെയാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും, സ്ഥാനമോഹമോ അധികാരലോഭമോ കൊണ്ടല്ല തന്റെ നിലപാടുകളെന്നും, പാര്‍ട്ടി പറഞ്ഞിടത്ത് പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
