ലോകത്ത് തന്നെ ആദ്യം, തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം, അമീബിക് മസ്തിഷ്ക ജ്വരത്തിൽ ചികിത്സാ നേട്ടം, 17കാരന് രോഗമുക്തി

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട ചികിത്സയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂര്‍വ നേട്ടം. അമീബയും ഫംഗസും ഒരേസമയം തലച്ചോറിനെ ബാധിച്ച 17കാരന് രോഗമുക്തിയുണ്ടായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. അമീബയും ഫംഗസും ഒരേസസമയം തലച്ചോറിനെ ബാധിച്ച കേസുകളിൽ മുമ്പ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ലോകത്ത് തന്നെ ആദ്യമാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആദ്യം ആലപ്പുഴ മെഡിക്കൽ കോളേജിലായിരുന്നു 17കാരന് ചികിത്സ നൽകിയിരുന്നത്. പിന്നീട് മൂന്നുമാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലയിലായിരുന്നു. മൂന്നു മാസം നീണ്ട സങ്കീര്‍ണമായ ചികിത്സകള്‍ക്കൊടുവിലാണ് രോഗമുക്തി. 

ചികിത്സക്കിടെ രണ്ട് ന്യൂരോ ശസ്ത്രക്രിയകള്‍ അടക്കം നടത്തി. രണ്ട് വര്‍ഷത്തിനിടെ 86 അമീബിക് മസ്തിഷ്ക ജ്വര കേസുകളാണ് കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്തത്. ഇതിൽ 21 മരണമാണ് സംഭവിച്ചത്. ഇതിനര്‍ത്ഥം കേരളത്തിൽ കേസുകള്‍ ഉയരുന്നതല്ലെന്നും കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനാലാണെന്നും അമീബിക് മസ്തിഷ്ക ജ്വരത്തിൽ പ്രത്യേക ജാഗ്രത വേണമെന്നും ശക്തമായ പ്രതിരോധം തീര്‍ക്കാനാണ് ശ്രമമെന്നും വീണാ ജോര്‍ജ് പറഞ്ഞു. നിലവിൽ 11 പേര്‍ തിരുവനന്തപുരത്തും 11 പേര്‍ കോഴിക്കോടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുണ്ട്. എല്ലാവിധ പരിശോധനാ സൗകര്യങ്ങളും കേരളത്തിലുണ്ട്. 

ഓരോ കേസിലും ആരോഗ്യവകുപ്പ് പ്രത്യേക പരിശോധന നടത്തുനുണ്ട്. രോഗകാരണമാകുന്ന സ്രോതസ് കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്. കേരളത്തിലെ ജലസ്രോതസുകളിൽ നേരത്തെ തന്നെ അമീബിക്ക് സാന്നിധ്യമുണ്ട്. ക്ലോറിനേഷൻ പ്രധാനപ്പെട്ടകാര്യമാണ്. ശുചീകരണ പ്രവർത്തനങ്ങൾ തുടരണം. കേരളത്തിൽ രോഗം കൃത്യമായി കണ്ടെത്തുന്നുണ്ട്. രോഗം കൃത്യമായി കണ്ടെത്തുന്നതിനാൽ ചികിത്സ ഉറപ്പാക്കാനാകുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ പല കേസുകളും കണ്ടെത്തുന്നില്ല. എല്ലാ കേസുകളിലും രോഗ ഉറവിടം കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വയനാട്, കാസർകോട് മെഡിക്കൽ കോളേജുകൾക്ക് നാഷണൽ മെഡിക്കൽ കമ്മീഷന്‍റെ അനുമതി ലഭിച്ചു. കേരളത്തിലെ എല്ലാ ജില്ലകളിലും മെഡിക്കൽ കോളേജ് എന്ന സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമായത്. വയനാട്, കാസർകോട് ജില്ലകൾക്കുള്ള ഓണസമ്മാനമാണിത്. എല്ലാ ജില്ലകളിലും സർക്കാർ നഴ്സിങ് കോളേജും യാഥാർത്ഥ്യമാക്കി.മസ്തിഷ്ക ജ്വര കേസുകളിൽ അമീബിക് മസ്തിഷ്ക ജ്വരം ആണോയെന്ന് പരിശോധിക്കുന്നുണ്ട്. കലാവസ്ഥ വ്യതിയാനം രോഗം കൂടുന്നതിന് കാരണമാകുന്നുണ്ടോയെന്ന് സ്കൂൾ ഓഫ് എൻവരോൺമെന്‍റൽ എഞ്ചിനിയറിംഗ് പഠിക്കും. ഇതിനായി ഇവരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ ആ പെൺകുട്ടിക്ക് വനിത ശിശു വികസന വകുപ്പ് എല്ലാ പിന്തുണയും സംരക്ഷണവും നൽകും. പറഞ്ഞ് കേട്ടത് ഭീകരമായ കാര്യങ്ങളാണ്. മാനസികവും ശാരീരികവുമായ പിന്തുണ ആവശ്യമെങ്കിൽ നൽകും. ജനറൽ ആശുപത്രിയിലെ ചികിത്സ പിഴവിൽ റിപ്പോർട്ട് കിട്ടിയതിന് ശേഷം തുടർനടപടിയുണ്ടാകുമെന്നും വീണാ ജോര്‍ജ പറഞ്ഞു.

 

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു