രാജ്കോട്ട്: നഷ്ടബോധമില്ലാതെയാണ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചതെന്ന് ഇന്ത്യൻ മുൻ താരം ചേതേശ്വർ പുജാര. സ്ട്രൈക്ക് റേറ്റിനെ കുറിച്ചുള്ള ചർച്ചകൾ ഒരിക്കലും തന്നെ ബാധിച്ചിരുന്നില്ലെന്നും പൂജാര ന്യൂസിനോട് പറഞ്ഞു. പരിശീലകൻ ആകാൻ അവസരം ലഭിച്ചാൽ സ്വീകരിക്കും. ബാറ്റിംഗ് ക്രമത്തിലെ സ്ഥാനത്തേക്കാൾ ടീമിനായി എന്ത് ചെയ്യണമെന്നതിനെ കുറിച്ചാണ് യുവതാരങ്ങൾ ചിന്തിക്കേണ്ടതെന്നും പുജാര ന്യൂസിനോട് പറഞ്ഞു.
ഗുജറാത്തിലെ പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് നൂറിലധികം ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇന്ത്യൻ താരത്തിലേക്കുള്ള വളർച്ചയ്ക്ക് കാരണം രഞ്ജി മുൻ താരം കൂടിയായ അച്ഛന്‍റെ സമർപ്പണമാണെന്നും പുജാര പറഞ്ഞു. ഗുജറാത്തിലെ രാജ്കോട്ട് പോലൊരു ചെറിയ പട്ടണത്തില്‍ നിന്ന് കളി തുടങ്ങിയ ഞാന്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ കളിക്കുമെന്ന് ആരും കരുതിയിട്ടില്ല. ചെറുപ്പത്തില്‍ ഒരു ആഘഷോഷങ്ങളിലും ഞാന്‍ പങ്കെടുത്തിട്ടില്ല. കാരണം അച്ഛൻ കര്‍ക്കശക്കാരനായ പരിശീലകനായിരുന്നു. രാത്രി 10 മണിക്ക് മുമ്പ് ഉറങ്ങണമെന്ന് അച്ഛന് നിര്‍ബന്ധമായിരുന്നു. സന്ദര്‍ശകരെ ആരെയും രാത്രി എട്ട് മണി കഴിഞ്ഞാല്‍ വീട്ടിലേക്ക് ക്ഷണിക്കാറില്ല.
കരിയറിൽ അമ്മയുടെ സ്വാധീനം പലപ്പോഴും ചർച്ചയാകാറില്ലെന്നും പൂജാര പറഞ്ഞു. എന്‍റെ പതിനേഴാം വയസിലാണ് അമ്മ മരിക്കുന്നത്. പക്ഷെ അതിന് മുമ്പെ അമ്മ അച്ഛനോട് പറഞ്ഞിരുന്നു, നമ്മുടെ മകനെക്കുറിച്ച് ആശങ്കവേണ്ട, അവന്‍ മികച്ചൊരു ക്രിക്കറ്റ് താരമാകുമെന്ന്. വിരാട് കോലി നായകനായതിന് ശേഷം ടെസ്റ്റിലെ സ്ട്രൈക്ക് റേറ്റിനെ കുറിച്ച് ഉയർന്ന ചർച്ചകൾ ഒരിക്കലും തന്നെ അസ്വസ്ഥനാക്കിയിരുന്നില്ലെന്നും പൂജാര പറഞ്ഞു. എന്‍റെ ശക്തിയില്‍ ഉറച്ചു നില്‍ക്കാനാണ് ഞാന്‍ ശ്രമിച്ചത്. എനിക്കൊരിക്കലും മറ്റൊരാളെ പോലെയാകാനാവില്ല.
2023ലെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ തോൽവിക്ക് ശേഷവും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ തുടർന്നത് സെലക്ടർമാരുടെ വിളിക്ക് സജ്ജനായി തന്നെയാണെന്നും പൂജാര പറഞ്ഞു. ദ്രാവിഡിനെയും പുജാരയെയും പോലെ മൂന്നാം നമ്പറിൽ വിശ്വസ്ത ബാറ്ററായി ഇനി ആരെ പ്രതീക്ഷിക്കണം എന്ന ചോദ്യത്തിന് ടീമിനായി മൂന്നാം നമ്പറില്‍ കളിക്കാന്‍ കഴിയുന്ന ഒട്ടേറെ യുവതാരങ്ങളുണ്ടെന്ന് പൂജാര പറഞ്ഞു. ക്രീസ് വിട്ടതിന് ശേഷമുള്ള ഭാവി പദ്ധതികളും പുജാര വെളിപ്പെടുത്തി. നിലവില്‍ കമന്‍റേറ്ററായാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ സന്തുഷ്ടനാണ്. എന്നാല്‍ പരിശീലകനാകാനുള്ള ഓഫര്‍ ലഭിച്ചാല്‍ അതിനെക്കുറിച്ച് ആലോചിക്കുമെന്നും പൂജാര പറഞ്ഞു.