കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നടന്ന സൂപ്പർ എട്ട് പോരാട്ടത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ച സഞ്ജുവിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിനന്ദന സന്ദേശം.
“നമ്മുടെ നാടിന് ഒരു പ്രത്യേകതയുണ്ട്. ആരും തളർത്താനാകില്ല. രാജ്യത്തിനായി ഇനിയും വലിയ നേട്ടങ്ങൾ കൊയ്യാൻ കഴിയട്ടെ,” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ആശംസ.
ഇന്നലത്തെ മത്സരത്തിൽ ഇന്ത്യ കടന്ന റൺചേസ് ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്നതായിരുന്നു. ടീമിനായി അതിൽ നിർണായക പങ്ക് വഹിച്ചത് സഞ്ജു സാംസൺ ആയിരുന്നു. വെറും 50 പന്തുകളിൽ 12 ഫോറും 4 സിക്സും ഉൾപ്പെടെ പുറത്താകാതെ 97 റൺസാണ് അദ്ദേഹം നേടിയത്. സഞ്ജുവിന്റെ കരിയറിലെ മികച്ച ഇന്നിംഗ്സുകളിലൊന്നായി ഇത് വിലയിരുത്തപ്പെടുന്നു. അസാധാരണ പ്രകടനത്തിന് പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരവും സഞ്ജുവിന് ലഭിച്ചു.
