റഷ്യയിൽ നിന്ന് കൂടുതൽ പ്രകൃതിവാതകം ലഭ്യമാക്കാൻ നിർണായക നീക്കത്തിന് ചൈന തുടക്കമിട്ടതായി സൂചന. പുതിയ പഞ്ചവത്സര വികസന പദ്ധതിയുടെ കരടിൽ രണ്ട് പുതിയ ഗ്യാസ് പൈപ്പ്‌ലൈനുകൾക്ക് പരാമർശം നൽകിയതോടെയാണ് ഈ വിലയിരുത്തൽ ശക്തമായത്. മിഡിൽ ഈസ്റ്റിൽ ഉയർന്ന സംഘർഷം പ്രധാന ഊർജ്ജ പാതയായ ഹോർമുസ് കടലിടുക്കിലൂടെ എൽഎൻജി കയറ്റുമതിക്ക് ഭീഷണിയാകുന്ന സാഹചര്യത്തിലാണ് ചൈനയുടെ ഈ നീക്കം ശ്രദ്ധേയമാകുന്നത്.
കഴിഞ്ഞ ആഴ്ച ചൈനീസ് പാർലമെന്റായ നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ സമർപ്പിച്ച 2026–2030 കാലയളവിലെ വികസന ബ്ലൂപ്രിന്റിന്റെ കരട് പതിപ്പിലാണ് ഈ പദ്ധതിയെക്കുറിച്ച് സൂചന നൽകിയിരിക്കുന്നത്. “ചൈന–റഷ്യ പ്രകൃതിവാതക പൈപ്പ്‌ലൈനിന്റെ കേന്ദ്ര റൂട്ടിന്റെ തയ്യാറെടുപ്പ് പ്രവർത്തനങ്ങൾ ബീജിംഗ് മുന്നോട്ട് കൊണ്ടുപോകും” എന്ന് റിപ്പോർട്ട് ചെയ്തതായി സൗത് ചൈന മോണിങ് പോസ്റ്റ് അറിയിച്ചു.
കരടിൽ പദ്ധതിയുടെ പേര് വ്യക്തമായി പറയാത്തതായിരുന്നാലും, ഇത് പവർ ഓഫ് സൈബീരിയ 2 പൈപ്പ്‌ലൈൻ പദ്ധതിയെയാണെന്ന് വിപണി നിരീക്ഷകർ വിലയിരുത്തുന്നു. മിഡിൽ ഈസ്റ്റിലെ പുതിയ സംഭവവികാസങ്ങൾ കണക്കിലെടുത്ത് പദ്ധതിയുടെ നിർമാണം വേഗത്തിലാക്കാൻ സാധ്യതയുണ്ടെന്നും അവർ പറയുന്നു.
ഒരു ദശാബ്ദത്തിലേറെ നീണ്ട ചർച്ചകൾക്കൊടുവിൽ കഴിഞ്ഞ സെപ്റ്റംബറിൽ റഷ്യയും ചൈനയും പൈപ്പ്‌ലൈൻ നിർമ്മാണത്തിനുള്ള നിയമപരമായ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നു. റഷ്യൻ പ്രസിഡന്റ് പുടിൻ ബീജിംഗ് സന്ദർശിച്ച വേളയിലാണ് ഈ കരാർ പ്രഖ്യാപിച്ചത്. പടിഞ്ഞാറൻ സൈബീരിയയിൽ നിന്ന് മംഗോളിയ വഴി വടക്കൻ ചൈനയിലേക്ക് വർഷംതോറും 50 ബില്യൺ ക്യൂബിക് മീറ്റർ വരെ ഗ്യാസ് എത്തിക്കാൻ കഴിയുന്ന രീതിയിലാണ് ഈ പൈപ്പ്‌ലൈൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
അതേസമയം, 2019-ൽ പ്രവർത്തനം ആരംഭിച്ച Power of Siberia പൈപ്പ്‌ലൈൻ വഴിയാണ് റഷ്യ ഇതിനകം ചൈനയിലേക്ക് പ്രകൃതിവാതകം എത്തിച്ചു വരുന്നത്. 2024 ഡിസംബറിൽ ഈ പൈപ്പ്‌ലൈൻ പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചു. ഇതോടെ ഖത്തറിന് പിന്നാലെ ചൈനയുടെ രണ്ടാമത്തെ വലിയ എൽഎൻജി വിതരണക്കാരനായി റഷ്യ മാറിയിട്ടുണ്ട്.
ഇതിനിടെ ഇറാനെ ലക്ഷ്യമിട്ട് നടന്ന അമേരിക്ക- ഇസ്രായേൽ ആക്രമണങ്ങൾക്കു പിന്നാലെ മിഡിൽ ഈസ്റ്റിൽ സംഘർഷം രൂക്ഷമായതോടെ മേഖലയിലെ ഗ്യാസ് വിതരണത്തിൽ അനിശ്ചിതത്വം വർധിച്ചു. ചൈനയുടെ എൽഎൻജി ഇറക്കുമതിയിലെ ഏകദേശം 18 ശതമാനംഖത്തറിൽ നിന്നുമാണ് ലഭിക്കുന്നത്. ഏകദേശം 5 ശതമാനം യുഎഇ നിന്നുമാണ് എത്തുന്നത്. സാധാരണയായി ഈ ചരക്കുകൾ ഹോർമുസ് വഴിയാണ് കടത്തുന്നത്. എന്നാൽ നിലവിലെ സംഘർഷാവസ്ഥ മൂലം ഈ ജലപാതയിൽ ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
