ലയണൽ മെസിയുടെ കൊൽക്കത്തയിലെ പരിപാടിക്കിടെ വൻ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. മെസിയെ വ്യക്തമായി കാണാനായില്ലെന്നാരോപിച്ച് രോഷാകുലരായ ആരാധകർ സോൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ വ്യാപക നാശനഷ്ടം വരുത്തി. ഫുട്ബോൾ ഇതിഹാസത്തെ കാണാനായി പതിനായിരങ്ങളാണ് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. കൊൽക്കത്തയിൽ നടന്ന GOAT TOUR പരിപാടിയുടെ ടിക്കറ്റ് വില 5,000 മുതൽ 25,000 രൂപ വരെയായിരുന്നു.
സൗഹൃദ മത്സരത്തിന്റെ ഇടവേളയിൽ ഗ്രൗണ്ടിലെത്തിയ മെസി ആരാധകരെ അഭിവാദ്യം ചെയ്‌തെങ്കിലും ഏറെ വൈകാതെ മടങ്ങി. രാഷ്ട്രീയ നേതാക്കളും സംഘാടകരും സുരക്ഷാ ഉദ്യോഗസ്ഥരുമൊക്കെ ചുറ്റിനിന്നതിനാൽ മെസിയെ അടുത്ത് കാണാൻ പോലും പലർക്കും സാധിച്ചില്ല. വലിയ തുക ചെലവഴിച്ച് ടിക്കറ്റ് വാങ്ങിയ ആരാധകർ ഇതോടെ കടുത്ത ദേഷ്യത്തിലായി . തുടർന്ന് ഗ്രൗണ്ടിലേക്ക് ഇരച്ചുകയറിയ ജനക്കൂട്ടം താൽക്കാലിക പന്തലുകളും സീറ്റുകളും ബോർഡുകളും തകർത്തു.
സ്ഥിതി നിയന്ത്രണാതീതമായതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശേണ്ടിവന്നു. സംഘാടകർ വഞ്ചിച്ചുവെന്നാരോപിച്ചാണ് ആരാധകർ പ്രതികരിച്ചത്. മെസിക്കൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാൻ, ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ സൗരവ് ഗാംഗുലി, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവരും സ്റ്റേഡിയത്തിൽ എത്തുമെന്നായിരുന്നു സംഘാടകരുടെ പ്രഖ്യാപനം. എന്നാൽ ഇവരാരും പരിപാടിയിൽ പങ്കെടുത്തില്ല. ഇതും ആരാധകർക്കിടയിൽ വലിയ നിരാശയ്ക്ക് കാരണമായി.
