ഓണം മൂഡിൽ കേരളം; സംസ്ഥാനതല ഓണാഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ഓണാഘോഷം ഇന്ന് വൈകിട്ട് 6ന് കനകക്കുന്ന് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംവിധായകനും നടനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ (ജയം രവി) എന്നിവർ മുഖ്യാതിഥികളാവും. മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, എംപി, എംഎൽഎ മാർ, മേയർ തുടങ്ങിയ ജനപ്രതിനിധികൾ പരിപാടിയുടെ ഭാഗമാകും.

സെപ്റ്റംബര്‍ ഒമ്പത് വരെ സംഗീത, നൃത്ത, വാദ്യ ഘോഷങ്ങളോടെ വിപുലമായ പരിപാടികളാണ് തലസ്ഥാന ന​ഗരിയിൽ സംഘടിപ്പിക്കുന്നത്. കേരളത്തിന്‍റെ പരമ്പരാഗതവും തനിമ തുടിക്കുന്നതുമായ കലാരൂപങ്ങളും ആധുനിക കലകളും സംഗീത, ദൃശ്യ വിരുന്നുകളും ആയോധന കലാപ്രകടനങ്ങളുമെല്ലാം വിവിധ വേദികളിൽ അരങ്ങേറും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പെടെ 10,000ത്തോളം കലാകാരൻമാരാണ് ഓണാഘോഷ പരിപാടികളിൽ അണിനിരക്കുന്നത്. 33 വേദികളിലാണ് തിരുവനന്തപുരത്ത് കലാപരിപാടികള്‍ അരങ്ങേറുക.

ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയ വൈദ്യുത ദീപാലങ്കാരത്തിന്‍റെ സ്വിച്ച് ഓണ്‍ കഴിഞ്ഞ ദിവസം ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് കനകക്കുന്നില്‍ നിര്‍വ്വഹിച്ചു. നഗരത്തിലെ ഓണാഘോഷത്തിന്‍റെ ഏറ്റവും ആകര്‍ഷകമായ കാഴ്ചയായ ദീപാലങ്കാരം കവടിയാര്‍ മുതല്‍ മണക്കാട് വരെയാണ് ഒരുക്കിയിട്ടുള്ളത്. ലൈറ്റുകളുടെ കാഴ്ചകൾ ആസ്വദിക്കാനായി ഓണക്കാലത്ത് രാത്രി വൈകിയും നിരവധിയാളുകളാണ് നഗരത്തില്‍ എത്തുന്നത്. നഗരത്തിലെ പ്രധാന റോഡുകൾ, ജങ്ഷനുകൾ, സര്‍ക്കാര്‍ മന്ദിരങ്ങൾ എന്നിവയെല്ലാം ദീപാലങ്കാരത്തിന്‍റെ ഭാഗമാണ്.

മറുപടി രേഖപ്പെടുത്തുക