തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവർത്തിക്കുകയെന്ന ലക്ഷ്യത്തോടെ കോൺഗ്രസ് കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. മുൻപ് ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകൾക്ക് മുമ്പ് നടത്തിയതുപോലെ ഇത്തവണയും വയനാട്ടിലാണ് കോൺക്ലേവ് സംഘടിപ്പിക്കുക. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട രാഷ്ട്രീയ നയങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും കോൺക്ലേവിൽ രൂപപ്പെടുത്തും. മുൻപ് നടന്ന കോൺക്ലേവുകളിൽ കൈക്കൊണ്ട തീരുമാനങ്ങളാണ് തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിൽ നടപ്പിലാക്കിയതെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ ചർച്ചകളിൽ ശബരിമല സ്വർണക്കൊള്ളയും തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും സജീവമായി നിലനിർത്താനാണ് കോൺഗ്രസിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ലോക്‌ഭവൻ മുന്നിൽ തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി രാപകൽ സമരം നടത്താനും കോൺഗ്രസ് ഒരുക്കം നടത്തുകയാണ്.
