ഇന്ത്യൻ പൗരത്വം നേടുന്നതിന് മൂന്ന് വർഷം മുമ്പ് വോട്ടർ പട്ടികയിൽ പേര് ചേർത്തുവെന്ന ആരോപണങ്ങളെ അടിസ്ഥാനമാക്കി കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്ക് ഡൽഹിയിലെ റൗസ് അവന്യൂ സെഷൻസ് കോടതി നോട്ടീസ് അയച്ചു. 1980-ലെ വോട്ടർ പട്ടികയിൽ സോണിയാ ഗാന്ധിയുടെ പേര് ഉൾപ്പെട്ടതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച റിവിഷൻ ഹർജിയിലാണ് ഈ നടപടി.
1983 ഏപ്രിലിലാണ് സോണിയാ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. എന്നാൽ, അതിന് മുമ്പേ 1980-ലെ ന്യൂഡൽഹി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ അവരുടെ പേര് ഉൾപ്പെടുത്തിയിരുന്നുവെന്നാണ് ഹർജിക്കാരൻ ഉന്നയിക്കുന്ന പ്രധാന ആരോപണം. പൗരത്വമില്ലാത്ത ഒരാൾക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ സാധിക്കില്ലെന്നും ഇത് തെരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണെന്നുമാണ് വാദം.
മുന്‍പ് അഭിഭാഷകൻ വികാസ് ത്രിപാഠി സമർപ്പിച്ച ക്രിമിനൽ പരാതി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. ഒരു വ്യക്തിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ ഉത്തരവിനെ ചോദ്യം ചെയ്ത് തന്നെയാണ് വികാസ് ത്രിപാഠി സെഷൻസ് കോടതിയെ സമീപിച്ചത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനായി വ്യാജ രേഖകൾ ഉപയോഗിച്ചിരിക്കാമെന്നും ഇത് ക്രിമിനൽ അന്വേഷണം ആവശ്യമായ വിഷയമാണെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു. വാദങ്ങൾ പരിശോധിച്ച പ്രത്യേക ജഡ്ജി വിശാൽ ഗോഗ്‌നെയാണ് സോണിയാ ഗാന്ധിക്കും ഡൽഹി പോലീസിനും നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്. കേസിന്റെ കൂടുതൽ രേഖകളും വിളിച്ചുവരുത്താൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേസ് പരിഗണിക്കുന്നത് 2026 ജനുവരി 6-നാണ്.
