നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിനെ തുടര്‍ന്ന് നടന്‍ ദിലീപിന്റെ പാസ്‌പോര്‍ട്ട് തിരികെ നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പാസ്‌പോര്‍ട്ട് വിട്ടുകിട്ടുന്നതിനായി ദിലീപ് നല്‍കിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു.
പുതിയ സിനിമ ഇന്ന് റിലീസ് ചെയ്യുന്നതിനാല്‍ പ്രമോഷന്‍ ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് പോകേണ്ടതുണ്ടെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ദിലീപ് കോടതിയെ സമീപിച്ചത്. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യ ബോണ്ടുകള്‍ അവസാനിച്ചതായും കോടതി വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് തിരികെ നല്‍കാനുള്ള തീരുമാനം.
തൊഴിലിന്റെ ഭാഗമായി വിദേശയാത്ര അനിവാര്യമാണെന്നും ദിലീപ് കോടതിയില്‍ വാദിച്ചു. നേരത്തെ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ദിലീപ് വിദേശത്തേക്ക് യാത്ര ചെയ്തിരുന്നത്.
അതേസമയം, അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പോലീസ് കേസെടുത്തു.
