യുഎൻഎ പ്രസിഡന്റ് ജാസ്മിൻ ഷായുടെ 1.44 കോടി രൂപയുടെ സ്വത്തുകൾ കണ്ടുകെട്ടി ഇഡി

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രസിഡന്റ് ജാസ്മിൻ ഷായുടെ 1.44 കോടി രൂപ വിലമതിക്കുന്ന സ്വത്തുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടി. ജാസ്മിൻ ഷായ്ക്കും ഭാര്യയ്ക്കുമെതിരായ ഹവാല പണമിടപാടുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ഈ നടപടി സ്വീകരിച്ചത്.

നേരത്തെ തൃശ്ശൂർ ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിക്കുകയും തുടർന്ന് സ്വത്ത് കണ്ടുകെട്ടൽ നടപടിയിലേക്ക് കടക്കുകയും ചെയ്തത്. പണം നിയമവിരുദ്ധമായി കൈമാറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രതികളുടെ പേരിലുള്ള സ്വത്തുക്കൾ താൽക്കാലികമായി അറ്റാച്ച് ചെയ്തതെന്നാണ് വിവരം.

ജാസ്മിൻ ഷാ യുഎൻഎയുടെ ദേശീയ പ്രസിഡന്റായിരുന്ന 2017 മുതൽ 2019 വരെ കാലയളവിൽ സംഘടനയുടെ അംഗത്വ ലെവികളും വിവിധ ഫണ്ടുകളും ദുരുപയോഗം ചെയ്ത് വൻതോതിൽ പണം തട്ടിയെടുത്തുവെന്നാണ് കേസിൽ ആരോപിക്കുന്നത്. സംഘടനയിലെ അംഗങ്ങളിൽ നിന്ന് ഈടാക്കിയ പണത്തിന്റെ ഒരു ഭാഗം ഹവാല മാർഗം വിദേശത്തേക്കും മറ്റ് ഇടപാടുകളിലേക്കും മാറ്റിയതായും അന്വേഷണ ഏജൻസികൾ സംശയിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് കൂടുതൽ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ സ്വത്തുക്കൾ കണ്ടെത്താനും അധിക നടപടികൾ സ്വീകരിക്കാനും സാധ്യതയുണ്ടെന്നും അന്വേഷണ സംഘങ്ങൾ സൂചിപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക