യുഎൻഎ ഫണ്ട് തട്ടിപ്പ് : ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഇ ഡി

യുണൈറ്റഡ് നേഴ്സസ് അസോസിയേഷൻ (യുഎൻഎ) ഫണ്ട് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചു. സംഘടനാ നേതാവ് ജാസ്മിൻ ഷായടക്കം എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കലൂർ പി.എം.എൽ.എ കോടതിയിലാണ് ഇത് സമർപ്പിച്ചത്.

കേസുമായി ബന്ധപ്പെട്ട് ജാസ്മിൻ ഷായുടെയും ഭാര്യയുടെയും പേരിലുള്ളതടക്കം ഏകദേശം 1.44 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ ഇഡി മുൻപ് കണ്ടുകെട്ടിയിരുന്നു. മലപ്പുറം, പാലക്കാട്, തൃശൂർ, ഇടുക്കി ജില്ലകളിലായി സ്ഥിതി ചെയ്യുന്ന ഭൂമിയും ഫ്ലാറ്റും ഇതിൽപ്പെടുന്നു.

തട്ടിപ്പ് നടന്ന സമയത്ത് ജാസ്മിൻ ഷാ യുഎൻഎയുടെ ദേശീയ പ്രസിഡന്റായിരുന്നു. സംഘടനയുടെ ഫണ്ട് ഫ്ലാറ്റുകളും കാറുകളും വാങ്ങുന്നതിനായി പ്രതികൾ ദുരുപയോഗം ചെയ്തെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഏകദേശം 1.80 കോടി രൂപയുടെ ക്രമക്കേടാണ് ക്രൈം ബ്രാഞ്ച് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാസ്മിൻ ഷായുടെ ഭാര്യയുടെ പേരിൽ ഉൾപ്പെടെ ഫ്ലാറ്റ് വാങ്ങിയെന്നതാണ് കുറ്റപത്രത്തിലെ പ്രധാന ആരോപണങ്ങളിൽ ഒന്ന്. ആശുപത്രി വാങ്ങുമെന്ന പേരിലും സാമ്പത്തിക ക്രമക്കേട് നടന്നതായും അന്വേഷണ ഏജൻസികൾ ആരോപിക്കുന്നു.

മറുപടി രേഖപ്പെടുത്തുക