ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ ഡി) നടത്തിയ റെയ്ഡിൽ എസ് ഐ ടി രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കനത്ത തിരിച്ചടി. ഒരു ദിവസത്തിനുള്ളിൽ തന്നെ 1.3 കോടി രൂപ വിലമതിക്കുന്ന അദ്ദേഹത്തിന്റെ ആസ്തികൾ ഇ ഡി മരവിപ്പിച്ചു. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകൾക്ക് പിന്നാലെയായിരുന്നു നടപടി.
1.3 കോടി രൂപ മൂല്യമുള്ള എട്ട് സ്ഥാവര സ്വത്തുക്കളാണ് മരവിപ്പിച്ചതെന്ന് ഇ ഡി അറിയിച്ചു. കൂടാതെ ചെന്നൈയിലെ സ്മാർട് ക്രിയേഷനിൽ നിന്ന് 100 ഗ്രാം സ്വർണവും കണ്ടെത്തിയതായും സ്ഥിരീകരിച്ചു. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ 2019 മുതൽ 2024 വരെ നടന്ന സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട വിവിധ രേഖകളും മിനിറ്റ്സുകളും പിടിച്ചെടുത്തു.
സ്വർണം ചെമ്പാക്കി മാറ്റിയതുമായി ബന്ധപ്പെട്ട നിർണായക ഫയലുകളും ഇ ഡി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദേവസ്വം ജീവനക്കാരുടെ അനധികൃത സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള പ്രധാന രേഖകൾ ലഭിച്ചതായും, ഇവയെല്ലാം വിശദമായ പരിശോധനയിലാണെന്നും എൻഫോഴ്സ്മെൻറ് ഡയറക്ട്രേറ്റ് അറിയിച്ചു.
