പട്ടികവർഗ കുടുംബങ്ങൾക്ക് വൈദ്യുതി പുനഃസ്ഥാപനം: കുടിശ്ശിക മുഴുവൻ സർക്കാർ ഏറ്റെടുക്കും

വൈദ്യുതി ബിൽ കുടിശ്ശികയെ തുടർന്ന് ബന്ധം വിച്ഛേദിക്കപ്പെട്ട സംസ്ഥാനത്തെ പട്ടികവർഗ കുടുംബങ്ങൾക്ക് ആശ്വാസമായി സർക്കാർ കൈത്താങ്ങ്. ഇത്തരം കുടുംബങ്ങളുടെ മുഴുവൻ സാമ്പത്തിക ബാധ്യതയും സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. മന്ത്രി ഒ.ആർ. കേളുവുമായി നടത്തിയ ഉന്നതതല യോഗത്തിലാണ് നിർണായക തീരുമാനം കൈക്കൊണ്ടത്.

2025 സെപ്റ്റംബർ 30 വരെയുള്ള കുടിശ്ശിക സർക്കാർ അടച്ചുതീർക്കും. നിലവിൽ വൈദ്യുതി ബന്ധം ഇല്ലാത്ത വീടുകളിൽ ആവശ്യമായ വയറിങ് ക്രമീകരണങ്ങൾ പൂർത്തിയാക്കി സെപ്റ്റംബർ 30-നകം പട്ടികവർഗ വികസന വകുപ്പ് വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിക്കുന്ന ഉടൻ യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുകയാണ് സർക്കാർ ലക്ഷ്യം.

സംസ്ഥാനത്തെ ആദിവാസി ഊരുകളിലെ സമ്പൂർണ്ണ വൈദ്യുതീകരണം ലക്ഷ്യമിട്ട പദ്ധതികളും യോഗത്തിൽ വിലയിരുത്തി. ഇടുക്കി ജില്ലയിൽ ഇതുവരെ വൈദ്യുതി എത്താത്ത എട്ട് ആദിവാസി ഉന്നതികളിൽ എത്രയും വേഗം കണക്ഷൻ നൽകാൻ നിർദ്ദേശം നൽകി. ആണ്ടവൻകുടി, അമ്പലപ്പടിക്കുടി, കണ്ടത്തിക്കുടി എന്നിവിടങ്ങളിലെ പ്രവൃത്തികൾ ഫെബ്രുവരി 15-നകം പൂർത്തിയാക്കും.

കടുപ്പമേറിയ ഭൂപ്രകൃതിയുള്ള ശേഷിക്കുന്ന അഞ്ച് ഉന്നതികളിൽ 29 കിലോമീറ്റർ ദൂരത്തിൽ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കേണ്ടതുണ്ടെന്നും ഈ പ്രവൃത്തികൾ ഫെബ്രുവരി 28-നകം പൂർത്തിയാക്കി എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.

മറുപടി രേഖപ്പെടുത്തുക