ജീവനക്കാരുടെ ഡാറ്റ ചോര്‍ച്ച: സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

സര്‍ക്കാര്‍ ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കേരളാ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. വ്യക്തിഗത വിവരങ്ങള്‍ക്ക് എന്ത് സുരക്ഷയാണ് ഉറപ്പാക്കിയിരിക്കുന്നതെന്ന് കോടതി ചോദിച്ചു. “ഏതൊരാള്‍ക്കും വിവരങ്ങള്‍ ലഭ്യമാകുന്ന സാഹചര്യമാണോ?” എന്ന ചോദ്യവും കോടതി ഉയര്‍ത്തി.

മുഖ്യമന്ത്രിയുടെ ഓഫീസ് ഇനി ഇത്തരം സന്ദേശങ്ങള്‍ അയക്കരുതെന്നും കോടതി നിര്‍ദേശിച്ചു. വ്യക്തിഗത വിവരങ്ങള്‍ എങ്ങനെയാണ് പുറത്തുപോയതെന്ന് വിശദീകരിക്കണമെന്നും, ഭാവിയില്‍ ഇത്തരം വിവരങ്ങള്‍ പുറത്തുവിടുന്നത് കര്‍ശനമായി ഒഴിവാക്കണമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ( Justice Bechu Kurian Thomas) അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടത്. എവിടെ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് വ്യക്തമാക്കണമെന്നും വ്യാഴാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഗുരുതര വിഷയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാക്കളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. സ്പാര്‍ക്ക് പ്രോജക്ട് മാനേജ്‌മെന്റിന് കൈമാറിയ സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഹര്‍ജിയിലെ ആക്ഷേപം. ആരോപണം ഗൗരവകരമാണെന്നും ഇതില്‍ സര്‍ക്കാര്‍ വ്യക്തമായ വിശദീകരണം നല്‍കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക