ഫ്രാൻസും യുകെയും രഹസ്യമായി ഉക്രെയ്‌നിന് ആണവായുധ സഹായം നൽകാൻ പദ്ധതിയിടുന്നതായി റഷ്യയുടെ വിദേശ ഇന്റലിജൻസ് സർവീസ് (എസ്‌വിആർ) ആരോപിച്ചു. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വെളിപ്പെടുത്തൽ.
ബ്രിട്ടീഷ്, ഫ്രഞ്ച് ഉദ്യോഗസ്ഥർ യൂറോപ്യൻ നിർമ്മിത ഘടകങ്ങളും ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉക്രെയ്‌നിലേക്ക് രഹസ്യമായി കൈമാറുന്നത് പരിഗണിക്കുന്നതായി എസ്‌വിആർ അവകാശപ്പെട്ടു. കൂടാതെ, ആണവ ശേഷി ആഭ്യന്തരമായി വികസിപ്പിച്ചെടുത്തതായി ചിത്രീകരിക്കുന്ന തരത്തിലുള്ള വിവരപ്രചാരണത്തിനും ശ്രമം നടക്കുന്നുവെന്നും ഏജൻസി ആരോപിച്ചു.
ഫ്രാൻസിന്റെ അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കുന്ന ടിഎൻ-75 വാർഹെഡ് ഉക്രെയ്‌നിന് നൽകുന്നതും പരിഗണനയിലുണ്ടെന്ന് എസ്‌വിആർ പറഞ്ഞു. അതുപോലെ, ഒരു പ്രദേശത്ത് ദീർഘകാല മലിനീകരണം സൃഷ്ടിക്കാൻ കഴിവുള്ള റേഡിയോ ആക്ടീവ് വസ്തുക്കൾ നിറച്ച ‘ഡേർട്ടി ബോംബ്’ നിർമ്മിക്കാൻ ഉക്രെയ്‌നിനെ പ്രോത്സാഹിപ്പിക്കാമെന്നും ഏജൻസി കൂട്ടിച്ചേർത്തു.
“ഒരു ആണവ ബോംബോ കുറഞ്ഞത് ഒരു ഡേർട്ടി ബോംബോ കൈവശം വച്ചാൽ, ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ കിയെവിന് കൂടുതൽ അനുകൂല വ്യവസ്ഥകൾ തേടാൻ കഴിയും,” എന്നാണ് എസ്‌വിആർ പ്രസ്താവനയിൽ പറഞ്ഞത്. സഹ നാറ്റോ അംഗമായ ജർമ്മനി ഈ നീക്കത്തിൽ പങ്കെടുക്കാൻ വിസമ്മതിച്ചതായും അവകാശപ്പെട്ടു.
ലണ്ടനിലെയും പാരീസിലെയും നേതൃത്വങ്ങൾ യാഥാർത്ഥ്യബോധം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും, ഇത്തരം നീക്കങ്ങളുടെ ഉത്തരവാദിത്തം അവർക്കുതന്നെയായിരിക്കുമെന്നും എസ്‌വിആർ മുന്നറിയിപ്പ് നൽകി.
ഇതിനിടെ, യുകെയെയും ഫ്രാൻസിനെയുംതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഔദ്യോഗിക പ്രമേയം പാസാക്കാൻ റഷ്യൻ സ്റ്റേറ്റ് ഡുമ നീങ്ങുന്നുവെന്ന് ചെയർമാൻ വ്യാഷെസ്ലാവ് വോലോഡിൻ അറിയിച്ചു. ആണവ വ്യാപന നിരോധനത്തിന് ഭീഷണി ഉയർത്തുന്ന ഗൂഢാലോചനയാണിതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചു.
