സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ പദ്ധതിയിലും സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ടും ഉള്ള ലക്ഷക്കണക്കിന് ആളുകളുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തി തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്ക് ദുരുപയോഗം ചെയ്തുവെന്ന ഗുരുതര ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി.
അതീവ രഹസ്യസ്വഭാവമുള്ള ഈ ഡാറ്റ സി.പി.എമ്മിന്റെ കൈവശം എത്തിയതായും ഇതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഒ.എസ്.ഡി സാംബശിവ റാവുവുമാണെന്നും അദ്ദേഹം ആരോപിച്ചു. ഒ.എസ്.ഡി അയച്ച കത്തുകൾ തെളിവായി പുറത്തുവിട്ട് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.
യാതൊരു സുരക്ഷാ മുൻകരുതലുകളും ഇല്ലാതെ സ്വകാര്യ ഏജൻസികൾക്ക് ഡാറ്റ കൈമാറിയത് ഗുരുതരമായ ക്രിമിനൽ കുറ്റമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്രയും വലിയ തോതിൽ സന്ദേശങ്ങൾ ഐടി വകുപ്പിന് നേരിട്ട് അയയ്ക്കാൻ സാധിക്കില്ലെന്നിരിക്കെ സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തിയത് സംശയാസ്പദമാണെന്നും പറഞ്ഞു.
35 വയസിന് മുകളിലുള്ള സ്ത്രീകളുടെ വിവരങ്ങൾ സൈബർ തട്ടിപ്പുകാരുടെ കൈകളിലെത്തിയാൽ അതിന്റെ സാമൂഹിക പ്രത്യാഘാതങ്ങൾ ഭീകരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള സംഭവവികാസങ്ങൾ നടന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ നൈതിക അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐടി വകുപ്പിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നിരവധി സ്വകാര്യ ഏജൻസികളെ എംപാനൽ ചെയ്ത നടപടിയും അദ്ദേഹം വിമർശിച്ചു. മുൻ ഐടി സെക്രട്ടറി എം. ശിവശങ്കറിന്റെ മാതൃകയിൽ തന്നെയാണ് സാംബശിവ റാവു പ്രവർത്തിക്കുന്നതെന്നും, ശിവശങ്കറിന്റെ അനുഭവം മുഖ്യമന്ത്രിയും റാവുവും ഓർക്കണമെന്നും ചെന്നിത്തല പറഞ്ഞു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നടന്ന നീക്കങ്ങൾ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ഇതിന്റെ ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
