വയനാട് തുരങ്കപാതയുടെ നിർമാണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കിഫ്ബി ധനസഹായത്തോടെ 2,134 കോടി രൂപ ചെലവഴിച്ചാണ് പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നത്. കോഴിക്കോട്–വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ തുരങ്കപാത ഇന്ത്യയിലെ ദൈർഘ്യമേറിയ മൂന്നാമത്തെ ട്വിൻ ട്യൂബ് ടണലായിരിക്കും.
നിർമാണം തടയണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി. തുരങ്കപാത നിർമാണത്തിനിടെ ഉണ്ടാകാവുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി.
ഈ വർഷം ആഗസ്റ്റ് 31ന് മുഖ്യമന്ത്രി പിണറായി വിജയൻ തുരങ്കപാതയുടെ നിർമാണോദ്ഘാടനം നിർവഹിച്ചിരുന്നു. ആനക്കാംപൊയിലിൽ നിന്ന് മേപ്പാടിയിലെ കള്ളാടി വരെ നീളുന്ന തുരങ്കപാത, കൊച്ചി–ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭാഗമായും ടൂറിസം മേഖലയിൽ പുതിയ സാധ്യതകൾ തുറക്കുന്ന പദ്ധതിയായും വിലയിരുത്തപ്പെടുന്നു. ഇത് കേരളത്തിന്റെ വികസനരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ.
