കെ-റെയിലിന് പകരം ‘അതിവേഗ ട്രെയിൻ’ എന്ന പേരിൽ പുതിയ പദ്ധതി മുന്നോട്ടുവെക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്. രണ്ട് പദ്ധതികളും ഏകദേശം ഒരേ വേഗതയും സമാനമായ സവിശേഷതകളുമാണ് വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ-റെയിൽ പദ്ധതിയെ ശക്തമായി എതിർത്ത യുഡിഎഫ്, ഇപ്പോൾ ഇ. ശ്രീധരന്റെ പുതിയ നിർദ്ദേശത്തെ കണ്ണടച്ച് പിന്തുണയ്ക്കുന്നത് വ്യക്തമായ രാഷ്ട്രീയ ഇരട്ടത്താപ്പാണെന്ന് ഐസക് ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു.
എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ചതിനാലെ മാത്രം ഒരു പദ്ധതിയെ എതിർക്കേണ്ടതുണ്ടോ എന്ന ചോദ്യം ഉന്നയിച്ച ഐസക്, കെ-റെയിലിന് ഡിപിആർ പോലും ഇല്ലെന്ന് ആരോപിച്ച് വിമർശിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇപ്പോൾ എന്തിനാണ് ധൃതിയെടുക്കുന്നതെന്ന് ചോദിച്ചു.
യാഥാർത്ഥ്യത്തിൽ കെ-റെയിലിന് ശാസ്ത്രീയമായ ലിഡാർ സർവേയും അന്താരാഷ്ട്ര ഏജൻസിയെ ഉപയോഗിച്ച് തയ്യാറാക്കിയ ഡിപിആറും ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മറിച്ച്, ശ്രീധരൻ മുന്നോട്ടുവെക്കുന്ന പുതിയ നിർദ്ദേശത്തിന് ഇപ്പോൾ ഡിപിആർ പോലും ഇല്ലെന്നും, അത് തയ്യാറാക്കാൻ ഡിഎംആർസിയെ ചുമതലപ്പെടുത്താനാണ് ആലോചനയെന്നും ഐസക് വ്യക്തമാക്കി.
പുതിയ നിർദ്ദേശപ്രകാരം പാത കൂടുതൽ എലവേറ്റഡ് ആയതിനാൽ നിർമാണത്തിന് കൂടുതലായി പാറകളും മറ്റ് സാമഗ്രികളും ആവശ്യമായി വരുമെന്നും, ഇതോടെ പദ്ധതിചെലവ് വൻതോതിൽ ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കെ-റെയിലിന് കണക്കാക്കിയതിന്റെ ഇരട്ടിയിലധികം തുക പുതിയ പദ്ധതിക്ക് ചെലവാകാൻ സാധ്യതയുണ്ടെന്നും ഐസക് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ഓഹരി പങ്കാളിത്തം കുറയുകയും കേന്ദ്രത്തിന്റെ നിയന്ത്രണം വർധിക്കുകയും ചെയ്യുന്ന കൊങ്കൺ മാതൃക വി.ഡി. സതീശന് സ്വീകാര്യമാകുന്നത് വിചിത്രമാണെന്നും അദ്ദേഹം പരിഹസിച്ചു.
കേന്ദ്ര സർക്കാർ ഇതുവരെ ഔദ്യോഗികമായി ഒരു പദ്ധതിയും പ്രഖ്യാപിച്ചിട്ടില്ലെന്നും, ഇ. ശ്രീധരന്റെ പ്രസ്താവനകൾ കേട്ട് എടുത്തുചാടേണ്ടതില്ലെന്നും ഐസക് പറഞ്ഞു. കേന്ദ്രത്തിന്റെ നിർദ്ദേശം വന്നാൽ സംസ്ഥാന സർക്കാർ അത് വിശദമായി പഠിച്ച് പ്രതികരിക്കും. എന്നാൽ കേരളം മുന്നോട്ടുവെച്ച പദ്ധതിയെ തകർക്കാൻ ശ്രമിച്ചവർ, കേന്ദ്ര നിയന്ത്രണത്തിലുള്ള പദ്ധതിയെ സ്വാഗതം ചെയ്യുന്നത് രാഷ്ട്രീയ വിരോധം കൊണ്ടാണെന്നും, ഈ ഇരട്ടത്താപ്പ് കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
