ഹോർമുസ് ; ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷയൊരുക്കാൻ 1,000 കോടി രൂപയുടെ പ്രത്യേക ഇൻഷുറൻസ് ഫണ്ട് രൂപീകരിക്കാൻ കേന്ദ്ര സർക്കാർ

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായതോടെ ഇന്ത്യൻ കപ്പലുകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ 1,000 കോടി രൂപയുടെ പ്രത്യേക ഇൻഷുറൻസ് ഫണ്ട് രൂപീകരിക്കാൻ തയ്യാറെടുക്കുന്നു. മേഖലയിലെ സുരക്ഷാ പ്രശ്നങ്ങൾ മൂലം അന്താരാഷ്ട്ര ഇൻഷുറൻസ് കമ്പനികൾ സേവനങ്ങൾ പരിമിതപ്പെടുത്തിയതോടെ ചരക്കുനീക്ക ചെലവ് ഉയർന്നിരുന്നു. ഈ സാഹചര്യം കൈകാര്യം ചെയ്യാനാണ് ധനമന്ത്രാലയം നേരിട്ട് ഇടപെടുന്നത്.

സംഘർഷബാധിത സമുദ്രമാർഗങ്ങളിൽ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ആഭ്യന്തര ഇൻഷുറൻസ് കമ്പനികളിലൂടെ പരിരക്ഷ നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി സർക്കാർ പിന്തുണയോടെ ഒരു റീഇൻഷുറൻസ് സംവിധാനം വികസിപ്പിക്കും. റഷ്യ-യുക്രൈൻ യുദ്ധം കാലത്ത് ജി.ഐ.സി. റീ നടപ്പാക്കിയ മാതൃകയെ അടിസ്ഥാനമാക്കിയാകും ഈ പദ്ധതിയും പ്രവർത്തിക്കുക. നിലവിൽ ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിലേക്കുള്ള ഇൻഷുറൻസ് പരിരക്ഷ ഈ ഫണ്ട് വഴി കൂടുതൽ ശക്തമാകും.

പുതിയ പദ്ധതിയുടെ ചുമതലയും ജി.ഐ.സി. റീയ്ക്കായിരിക്കും. അസംസ്‌കൃത എണ്ണയുമായി ഇന്ത്യയിലേക്ക് എത്തുന്ന കപ്പലുകൾക്കൊപ്പം സാധാരണ ചരക്കുകപ്പലുകൾക്കും ഇതിന്റെ ഗുണം ലഭ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിലൂടെ വിദേശ ഇൻഷുറൻസ് കമ്പനികളോടുള്ള ആശ്രയം കുറയ്ക്കാനും ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇന്ത്യയിലേക്കുള്ള ഇന്ധന-ചരക്ക് വിതരണത്തിൽ തടസമുണ്ടാകാതിരിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക