ഉക്രെയ്നിനായി യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ച 90 ബില്യൺ യൂറോ (106 ബില്യൺ ഡോളർ) അടിയന്തര വായ്പാ പദ്ധതിയും റഷ്യയ്ക്കെതിരായ പുതിയ ഉപരോധ പാക്കേജും ഹംഗറി തടഞ്ഞു. ഉക്രൈൻ തങ്ങൾക്കുള്ള എണ്ണവിതരണം മനഃപൂർവം തടസ്സപ്പെടുത്തിയെന്നാരോപിച്ചാണ് ഹംഗറിയുടെ ഈ നടപടി.
ഹംഗറി തിങ്കളാഴ്ച ഈ രണ്ട് നിർദേശങ്ങൾക്കും ഇരട്ട വീറ്റോ യൂറോപ്യൻ യൂണിയനിൽ നൽകുകയായിരുന്നു . സോവിയറ്റ് കാലഘട്ടത്തിൽ നിർമ്മിച്ച ഡ്രുഷ്ബ എണ്ണ പൈപ്പ്ലൈൻ സംബന്ധിച്ച തർക്കമാണ് ഇതിന് പിന്നിൽ. ഈ പൈപ്പ്ലൈനിലൂടെ റഷ്യൻ അസംസ്കൃത എണ്ണ ഹംഗറിയിലേക്കും സ്ലൊവാക്യയിലേക്കും എത്തിച്ചിരുന്നതാണ്. എന്നാൽ ജനുവരി അവസാനം മുതൽ ഇത് പ്രവർത്തനരഹിതമാണ്.
പൈപ്പ്ലൈൻ കേടുപാടുകൾക്ക് റഷ്യയാണ് ഉത്തരവാദിയെന്ന് ഉക്രൈൻ ആരോപിച്ചെങ്കിലും, റഷ്യ ആരോപണം നിഷേധിച്ചു. ഉക്രൈനും ഹംഗറിയും തമ്മിലുള്ള ഈ തർക്കം യൂറോപ്യൻ യൂണിയനിലെ തീരുമാനപ്രക്രിയയെ ബാധിച്ചിരിക്കുകയാണ്.
