പിണറായി വിജയൻ പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അടിയന്തര നിർദ്ദേശങ്ങൾ നൽകി. ഇറാൻ–ഇസ്രയേൽ സംഘർഷം പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ സംഘർഷസാധ്യത നിലനിൽക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ഇതിനെ തുടർന്നു ആവശ്യമായ സഹായങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനായി നോർക്ക അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.
ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതോടെ പ്രവാസി ലോകത്ത് ആശങ്ക ഉയർന്നിട്ടുണ്ട്. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അതത് രാജ്യങ്ങളിലെ ഇന്ത്യൻ എംബസികളുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
സഹായം ആവശ്യമായ പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്കും നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിലെ ഹെൽപ്പ് ഡെസ്ക് നമ്പറുകൾ വഴി ബന്ധപ്പെടാം. വിദേശത്തുള്ളവർ +91-8802012345 എന്ന നമ്പറിൽ മിസ്ഡ് കോൾ നൽകിയും ഇന്ത്യയ്ക്കകത്തുള്ളവർ 18004253939 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചും വിവരങ്ങൾ കൈമാറാനും രജിസ്റ്റർ ചെയ്യാനും കഴിയും.
പശ്ചിമേഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ സംസ്ഥാന സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാരുമായി ചേർന്ന് ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
