ഇറാനിലെ പരമോന്നത നേതാവായിരുന്ന അലി ഖമേനി കൊല്ലപ്പെട്ടതിനെ തുടർന്ന് സ്ഥാനമേൽക്കുന്ന പുതിയ നേതാവിനെയും വധിക്കുമെന്ന് ഇസ്രായേൽ സൈന്യമായ ഐഡിഎഫ്ഭീഷണിപ്പെടുത്തി.
ഫെബ്രുവരി 28ന് ആരംഭിച്ച യുഎസ്–ഇസ്രായേൽ വ്യോമാക്രമണങ്ങളുടെ ആദ്യഘട്ടത്തിൽ ഖമേനിയും നിരവധി മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടിരുന്നു . തുടർന്ന് ഒരാഴ്ച നീണ്ട ചര്‍ച്ചകൾക്ക് ശേഷം, ഇറാന്റെ പരമോന്നത നേതാവിനെ തെരഞ്ഞടുക്കാനുള്ള ചുമതലയുള്ള പുരോഹിതന്മാരുടെ സംഘടനയായ അസംബ്ലി ഓഫ് എക്സ്പേർട്ട് ഖമേനിയുടെ മകനായ മുജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കുന്നതായി തിങ്കളാഴ്ച പ്രഖ്യാപിച്ചു.
എന്നാൽ ഈ പ്രഖ്യാപനത്തിന് മണിക്കൂറുകൾ മുമ്പ് ഐഡിഎഫിന്റെ ഫാർസി അക്കൗണ്ടിൽ പുറത്തിറക്കിയ പ്രസ്താവനയിൽ, പുതിയ നേതാവിനെയും നിയമനത്തിൽ പങ്കെടുത്തവരെയും ലക്ഷ്യമിടുന്നതിൽ നിന്ന് ഇസ്രായേൽ സൈന്യം പിന്നോട്ടില്ലെന്ന് മുന്നറിയിപ്പ് നൽകി. അസംബ്ലിയുടെ യോഗങ്ങളിൽ പങ്കെടുക്കുന്ന പുരോഹിതന്മാരെയും ലക്ഷ്യമിടാൻ മടിക്കില്ലെന്നും ഐഡിഎഫ് വ്യക്തമാക്കി.
കഴിഞ്ഞ ആഴ്ച കോം നഗരത്തിലെ അസംബ്ലി ആസ്ഥാനത്തേക്ക് ഇസ്രായേൽ ആക്രമണം നടത്തിയിരുന്നെങ്കിലും പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ തടസ്സപ്പെടാനായില്ല. അതേസമയം, അമേരിക്കൻ പ്രസിഡന്റ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവും ഇറാനിൽ ഭരണമാറ്റം യുദ്ധലക്ഷ്യങ്ങളിലൊന്നാണെന്ന് വ്യക്തമാക്കിയിരുന്നു. ഇറാൻ നിരുപാധികമായി കീഴടങ്ങണമെന്ന് ട്രംപ് ആവശ്യപ്പെട്ടതോടൊപ്പം, ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പുതിയ പരമോന്നത നേതാവ് “അധികകാലം നിലനിൽക്കില്ല” എന്ന മുന്നറിയിപ്പും നൽകി.
ഇതിനിടെ, ഇറാനിയൻ നേതാക്കളും സൈന്യവും ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
