മന്ത്രിസഭയിലെ പുഴുക്കുത്താണ് കെ.ബി.ഗണേഷ് കുമാർ: വെള്ളാപ്പള്ളി നടേശൻ

മന്ത്രി കെബി ഗണേഷ് കുമാറിനെ ചുറ്റിപ്പറ്റിയ വിവാദത്തിൽ രൂക്ഷ വിമർശനവുമായി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ഈ വിഷയം സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചുവെന്നും ഗണേഷ് കുമാർ മന്ത്രിസഭയിലെ “പുഴുക്കുത്ത്” ആണെന്നും അദ്ദേഹം ആരോപിച്ചു.

മന്ത്രി സ്ഥാനത്തിരിക്കുന്ന ഒരാൾ എങ്കിലും ഒരു നിലയും വിലയും പാലിക്കണമെന്നും, മന്ത്രി അല്ലാത്തവനായാലും ഇത്തരം പ്രവർത്തികൾ ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

താൻ ഏറെക്കാലം മുൻപേ തന്നെ ഗണേഷ് കുമാറിനെക്കുറിച്ച് അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അത് വീണ്ടും ആവർത്തിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാക്കിലും പ്രവർത്തിയിലും ധാർഷ്ട്യവും മാടമ്പിത്തരവുമാണ് കാണുന്നതെന്നും, “5000 പ്രണയിനികൾ ഉണ്ടെന്ന് തലക്ക് വെളിവുള്ളവർ പറയുമോ?” എന്നും അദ്ദേഹം ചോദിച്ചു. പരാതി ഇല്ലാത്തത് കൊണ്ട് പ്രശ്നം ഇല്ലാതാകില്ലെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.

മന്ത്രി രാജിവെക്കണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും, ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം അദ്ദേഹം കൈക്കൊള്ളണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. പത്മ കഫേ അഴിമതി കേസിൽ എൻഎസ്എസ് യൂണിയൻ പിരിച്ചുവിടാതിരുന്നത് സുകുമാരൻ നായരുടെ ഇടപെടലിനെ തുടർന്നാണെന്നും അദ്ദേഹം ആരോപിച്ചു.

ഇതിനിടെ ജി സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിച്ച വെള്ളാപ്പള്ളി, ജി സുധാകരൻ ആലപ്പുഴയിലെ പ്രധാനപ്പെട്ട നേതാവാണെന്ന് പറഞ്ഞു. തോമസ് ഐസക്കിന് ഇടം നൽകിയപ്പോൾ സുധാകരന് അവസരം ലഭിക്കാത്തതിൽ അദ്ദേഹത്തിന് പരിഭവമുണ്ടാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സുധാകരനെ പാർട്ടി ഒഴിവാക്കാതെ ഒപ്പം നിർത്തുന്നതാണ് നല്ലതെന്നും, യുഡിഎഫിലേക്ക് പോയാൽ അദ്ദേഹത്തിന്റെ പ്രതിച്ഛായ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക