64-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂര്‍ ജില്ല സ്വര്‍ണക്കപ്പ് നേടി. 1,023 പോയിന്റ് നേടിയാണ് കണ്ണൂര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 1,018 പോയിന്റുമായി തൃശൂര്‍ ജില്ല രണ്ടാം സ്ഥാനത്ത് എത്തി. 249 മത്സരയിനങ്ങളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചതോടെയാണ് കണ്ണൂര്‍ ജില്ലാ കലാകിരീടം ഉറപ്പിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടം അവസാനഘട്ടം വരെ നീണ്ടെങ്കിലും കപ്പ് കണ്ണൂര്‍ കൈവശപ്പെടുത്തി.
ഒന്നാം സ്ഥാനം നേടിയ കണ്ണൂര്‍ ജില്ലയ്ക്ക് മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാല്‍ സ്വര്‍ണക്കപ്പ് സമ്മാനിച്ചു . സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കണ്ണൂരിന്റെ വിജയം ഉറപ്പിച്ചത് വഞ്ചിപ്പാട്ട് ടീമിന്റെ മികച്ച പ്രകടനത്തിലൂടെയാണ്. ശക്തമായ മത്സരസമ്മര്‍ദം നിലനിന്ന സാഹചര്യത്തില്‍ ഇരട്ടി ആവേശത്തോടെയാണ് ടീം വേദിയിലെത്തിയത്. വഞ്ചിപ്പാട്ട് ടീമിന് എ ഗ്രേഡ് ലഭിച്ചതോടെ കണ്ണൂരില്‍നിന്ന് പങ്കെടുത്ത മുഴുവന്‍ കലാകാരന്മാര്ക്കും വലിയ ആശ്വാസമായി.
എച്ച്.എസ് ജനറല്‍ വിഭാഗം മത്സരങ്ങളിലൂടെയാണ് കണ്ണൂര്‍ ലീഡ് നേടിയതെന്ന് അധികൃതര്‍ അറിയിച്ചു. എച്ച്.എസ് സംസ്കൃത വിഭാഗത്തിലും കണ്ണൂരിന് രണ്ട് പോയിന്റിന്റെ മുന്‍തൂക്കം ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും എച്ച്.എസ് അറബിക് വിഭാഗത്തിലും തൃശ്ശൂരും കണ്ണൂരും സമനിലയില്‍ മുന്നേറി. ആലത്തൂര്‍ ബി.ബി.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 238 പോയിന്റ് നേടി ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ സ്കൂളിനുള്ള നേട്ടവും സ്വന്തമാക്കി.
