കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തെ യുഡിഎഫിലേക്ക് തിരിച്ചെടുക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് (ജോസഫ്) വിഭാഗം പരസ്യമായി അതൃപ്തി രേഖപ്പെടുത്തി. കേരള കോണ്‍ഗ്രസ് എം വിഭാഗത്തിന് ഇപ്പോള്‍ രാഷ്ട്രീയ പ്രസക്തിയില്ലെന്ന് ജോസഫ് വിഭാഗം നേതാവ് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.
അവര്‍ ഇല്ലാതെയെങ്കിലും യുഡിഎഫിന് വിജയിക്കാനാകുമെന്നും യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും മോന്‍സ് ജോസഫ് വ്യക്തമാക്കി.
‘ഇപ്പോള്‍ രാഷ്ട്രീയമായി നടക്കുന്നതായുള്ള ചര്‍ച്ചകള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. ആരാണ് ഇവരെ ക്ഷണിക്കുന്നത് എന്നതില്‍ പോലും വ്യക്തതയില്ല. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ചര്‍ച്ചകള്‍ നല്ലതല്ലെന്ന് ഞങ്ങളുടെ പാര്‍ട്ടി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ഈ കക്ഷികളൊന്നുമില്ലാതെയാണ് യുഡിഎഫ് ഇത്ര വലിയ വിജയം കൈവരിച്ചത്,’ അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടുവെന്നും, പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അവരെ കൂടാതെയുണ്ടായ മത്സരത്തില്‍ യുഡിഎഫ് തിളക്കമാര്‍ന്ന വിജയം നേടിയതായും മോന്‍സ് ജോസഫ് ചൂണ്ടിക്കാട്ടി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് അധികാരത്തില്‍ എത്തണമെന്നതാണ് കേരള ജനതയുടെ ആഗ്രഹമെന്നും, ഈ കക്ഷികളില്ലാതെ തന്നെ അത് സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന്റെ പരമ്പരാഗത സ്വാധീനമേഖലകളിലും യുഡിഎഫ് വലിയ മുന്നേറ്റം കൈവരിച്ചുവെന്നും, ജനങ്ങളുടെ ശക്തമായ പിന്തുണയാണ് മുന്നണിക്ക് ലഭിക്കുന്നതെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
