കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ അവഗണിച്ചെന്ന് ആരോപിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തു. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തുകയും വാർഡ് തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും.
ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളിൽ കേരളം ഇന്ത്യയുടെ ഭൂപടത്തിൽ പോലും ഇല്ലെന്ന രീതിയിലാണെന്ന് സി പി എം നേതൃത്വം വിമർശിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, എം എ ബേബി തുടങ്ങിയവർ കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നയങ്ങൾക്കെതിരെ ശക്തമായി പ്രതികരിച്ചു.
