‘കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026’ പാസ്സാക്കി കേരളം

സംസ്ഥാനത്തെ പൗരന്മാരുടെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണുമെന്ന ഉറപ്പോടെ പതിനാറാം നിയമസഭാ സമ്മേളനത്തിൽ സർക്കാർ ‘കേരള നേറ്റിവിറ്റി കാർഡ് ബിൽ 2026’ പാസ്സാക്കി. കേരളത്തിൽ ജനിച്ചവർക്കും ദീർഘകാലമായി സംസ്ഥാനത്ത് താമസിക്കുന്നവർക്കും നിയമപരമായി അംഗീകരിക്കപ്പെട്ട നേറ്റിവിറ്റി കാർഡ് നൽകുന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പൗരത്വവുമായി ബന്ധപ്പെട്ട ആശങ്കകൾക്ക് വ്യക്തമായ പരിഹാരം കാണുകയും ജനിച്ചുവളർന്ന മണ്ണിൽ എല്ലാവർക്കും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ നിർണായക നീക്കം.

നിലവിൽ വിവിധ ആവശ്യങ്ങൾക്കായി പ്രത്യേകം നേറ്റിവിറ്റി സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കി, സ്ഥിരമായ ഒരു ഔദ്യോഗിക രേഖ നൽകുകയാണ് ബില്ലിലൂടെ സർക്കാർ ഉദ്ദേശിക്കുന്നത്. ജനനം, സ്ഥിരം മേൽവിലാസം, ഫോട്ടോ തുടങ്ങിയ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഈ കാർഡ് സർക്കാർ സേവനങ്ങൾക്കും സാമൂഹിക ആവശ്യങ്ങൾക്കും നിയമപരമായ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാനാകും. ഇതിലൂടെ കേരളീയർക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ ശക്തമായ നിയമപിന്തുണ ലഭിക്കും.

പുറന്തള്ളലിന്റെ രാഷ്ട്രീയത്തിന് കേരളം നൽകുന്ന ശക്തമായ മറുപടിയാണ് ഈ ബില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ജനിച്ചുവളർന്ന മണ്ണിൽ ആർക്കും പൗരത്വം നിഷേധിക്കപ്പെടില്ലെന്നും ഉൾക്കൊള്ളലാണ് കേരളത്തിന്റെ അടിസ്ഥാന നിലപാടെന്നും അദ്ദേഹം പറഞ്ഞു. ഈ നിയമം പ്രാബല്യത്തിൽ വന്നതോടെ കേരളീയർ എവിടെയും പിന്നാക്കമാകില്ലെന്നും സർക്കാർ സേവനങ്ങൾക്ക് അവർ പൂർണ്ണ അർഹതയുള്ളവരാണെന്നും അദ്ദേഹം ഉറപ്പിച്ചു.

മറുപടി രേഖപ്പെടുത്തുക