തിരുവനന്തപുരം: യുവജനങ്ങളിൽ വർധിച്ചുവരുന്ന അപ്രതീക്ഷിത ഹൃദയസ്തംഭന മരണങ്ങളിൽ കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ.) ആശങ്ക രേഖപ്പെടുത്തി. അപ്രതീക്ഷിത ഹൃദയസ്തംഭനം ഉണ്ടാകുമ്പോൾ അടിയന്തരമായി നൽകേണ്ട കാർഡിയോ പൾമനറി റീസസിറ്റേഷൻ (CPR) പോലുള്ള ജീവൻരക്ഷാ മാർഗ്ഗങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകണമെന്ന് കെജിഎംഒഎ സർക്കാരിനോട് ആവശ്യപ്പെട്ടു.
സമയബന്ധിതമായി നൽകുന്ന സിപിആർ ഒരു ജീവൻ രക്ഷിക്കുന്നതിൽ നിർണ്ണായകമാണ്. ഹൃദയസ്തംഭനം ഉണ്ടായാൽ ആദ്യത്തെ ഏതാനും മിനിറ്റുകൾക്കുള്ളിൽത്തന്നെ നൽകുന്ന ചികിത്സയാണ് ജീവനും മരണത്തിനും ഇടയിലുള്ള അതിർവരമ്പ് നിർണ്ണയിക്കുന്നത്. അതിനാൽ, സിപിആർ പരിശീലനം സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർക്ക് നൽകണമെന്ന് കെജിഎംഒഎ. ആവശ്യപ്പെടുന്നു.
കെജിഎംഒഎയുടെ പ്രധാന ആവശ്യങ്ങൾ
- പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക: ഹൈസ്കൂളുകളിലും ഹയർ സെക്കണ്ടറി സ്കൂളുകളിലും കോളേജുകളിലും സി.പി.ആർ. ഒരു നിർബന്ധിത വിഷയമാക്കി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം.
- പരിശീലന പരിപാടികൾ: കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, റെസിഡൻ്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ വിവിധ മേഖലകളിലുള്ളവർക്കായി സി.പി.ആർ. പരിശീലന പരിപാടികൾ സംഘടിപ്പിക്കുക.
- ജീവൻ രക്ഷാ ഉപകരണങ്ങൾ: തിരക്കുള്ള പൊതുസ്ഥലങ്ങളിലും പരിപാടികളിലും പ്രഥമ ശുശ്രൂഷാ കിറ്റുകളും ഓട്ടോമേറ്റഡ് എക്സ്റ്റേണൽ ഡിഫിബ്രിലേറ്റർ (എ.ഇ.ഡി) പോലുള്ള ജീവൻ രക്ഷാ ഉപകരണങ്ങളും ലഭ്യമാക്കണം.
- ബോധവൽക്കരണം: സി.പി.ആർ. സംബന്ധിച്ച ബോധവൽക്കരണ വീഡിയോകൾ ഉൾപ്പെടെയുള്ള പ്രചരണോപാധികൾ സർക്കാർ തലത്തിൽ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ നടപടി സ്വീകരിക്കണം.
പൊതുജനങ്ങളിൽ സി.പി.ആർ.നെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിലൂടെയും പരിശീലനം നൽകുന്നതിലൂടെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഹൃദയസ്തംഭന മരണങ്ങൾ വലിയൊരളവുവരെ കുറയ്ക്കാൻ സാധിക്കുമെന്ന് കെ.ജി.എം.ഒ.എ. ചൂണ്ടിക്കാട്ടുന്നു. ഇത്തരം പ്രവർത്തനങ്ങൾക്ക് സംഘടന സർക്കാരിന് പൂർണ്ണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു.