കിഫ്‌ബി മസാല ബോണ്ട്; എന്തിനാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് എന്ന് ഇപ്പോഴും ഇ ഡി എന്നോട് പറഞ്ഞിട്ടില്ല: തോമസ് ഐസക്

കിഫ്ബി മസാല ബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി വിധിയിൽ പ്രതികരണവുമായി മുൻ ധനമന്ത്രി തോമസ് ഐസക് രംഗത്തെത്തി. കോടതിയുടെ ഇടപെടൽ ഏറെ സന്തോഷം നൽകുന്നതാണെന്നും, എന്തിനാണ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്ന് ഇതുവരെയും ഇഡി വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇഡി രാഷ്ട്രീയ പ്രേരിതമായാണ് പ്രവർത്തിക്കുന്നതെന്നും, ഇഡിയെ ഭയപ്പെടേണ്ട യാതൊരു കാരണവും ഇല്ലെന്നും തോമസ് ഐസക് കൂട്ടിച്ചേർത്തു.

“ഹൈക്കോടതി ഇഡിയുടെ കാരണം കാണിക്കൽ നോട്ടീസ് നാലുമാസത്തേക്ക് സ്റ്റേ ചെയ്തിരിക്കുകയാണ്. ഇത് ഏറെ ആശ്വാസകരമായ കാര്യമാണ്. അഞ്ചാറ് വർഷമായി ഈ വിഷയത്തിൽ പീഡനം തുടരുകയാണ്. ഒരുപക്ഷേ ഇതോടെ ഇത് അവസാനിച്ചേക്കാം. ഇതുവരെ എന്തിനാണ് എന്നെ വിളിപ്പിക്കുന്നതെന്നും ഞാൻ ചെയ്ത കുറ്റമെന്താണെന്നും ഇഡി വ്യക്തമാക്കിയിട്ടില്ല. എന്റെ പൗരാവകാശം കോടതി സംരക്ഷിച്ചു,” അദ്ദേഹം പറഞ്ഞു.

മസാല ബോണ്ട് ഫണ്ട് ദുരുപയോഗം ചെയ്തുവെന്നും, ചട്ടവിരുദ്ധമായി ഭൂമി വാങ്ങാൻ ഉപയോഗിച്ചുവെന്നുമാണ് ഇഡി നോട്ടീസിലെ ആരോപണമെന്നു ചൂണ്ടിക്കാട്ടിയ തോമസ് ഐസക്, ഭൂമി വാങ്ങുന്നത് തന്നെ നിയമവിരുദ്ധമല്ലെന്നും വ്യക്തമാക്കി. “റിസർവ് ബാങ്കിന്റെ 2019ൽ നിലവിലുണ്ടായിരുന്ന സർക്കുലർ പ്രകാരം റിയൽ എസ്റ്റേറ്റിനായി ഉപയോഗിക്കരുതെന്ന നിബന്ധന മാത്രമാണ് ഉണ്ടായിരുന്നത്. പശ്ചാത്തല സൗകര്യങ്ങൾക്കായി ഉപയോഗിക്കാമെന്നത് വ്യക്തമാണ്. ഈ അടിസ്ഥാനരഹിതമായ ആരോപണമാണ് നോട്ടീസിലുള്ളത്. അതാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്,” എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നാല് തെരഞ്ഞെടുപ്പുകളിലും തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇത്തരം നോട്ടീസുകൾ എത്താറുണ്ടെന്നും, ഇതെല്ലാം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം വിമർശിച്ചു. “ഇത് മണ്ടൻ നോട്ടീസാണ്. ഇഡി രാഷ്ട്രീയ യജമാനന്മാർക്ക് വേണ്ടി പ്രവർത്തിക്കുകയാണ്. ഇതൊന്നും ആരെയും ഭയപ്പെടുത്തില്ല. കേരളത്തിൽ ഇതിന് വിലപോവുകയുമില്ല,” എന്നും തോമസ് ഐസക് പ്രതികരിച്ചു.

മറുപടി രേഖപ്പെടുത്തുക