ഇന്ത്യ-യുഎസ് വ്യാപാര കരാര്‍; രാഹുൽ ഗാന്ധിയെപോലുള്ള നേതാക്കള്‍ അപവാദം പറഞ്ഞു പരത്തുന്നു: പിയൂഷ് ഗോയല്‍

ഇന്ത്യ–യുഎസ് വ്യാപാര കരാർ എല്ലാ ജനവിഭാഗങ്ങൾക്കും ഗുണകരമായ മികച്ച ഡീലാണെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. മാസങ്ങളായുള്ള ചർച്ചകൾക്കൊടുവിലാണ് കരാർ സാധ്യമായതെന്നും ഇതിലുപരി നല്ലൊരു കരാർ ലഭിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരാറിനെ കുറിച്ച് പാർലമെന്റിൽ വിശദീകരിക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും പ്രതിപക്ഷം അനുവദിച്ചില്ലെന്ന് ഗോയൽ ആരോപിച്ചു. വലിയ പ്രയത്‌നങ്ങളിലൂടെ കരാർ നേടിയപ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

18 ശതമാനം നികുതി ഇളവ് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, സീഫുഡ് കയറ്റുമതി, ടെക്സ്റ്റൈൽ, എഞ്ചിനീയറിങ്, തുകൽ വ്യവസായങ്ങൾ എന്നിവയ്ക്ക് കരാർ വലിയ നേട്ടമാകുമെന്നും ഗോയൽ പറഞ്ഞു. പാൽ ഉത്പാദകരുടെയും കൃഷിയുടെയും താൽപര്യങ്ങൾ സംരക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധിയെ പോലെ ചിലർ അപവാദം പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച ഗോയൽ, ഇത് രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുന്ന സമീപനമാണെന്നും പറഞ്ഞു. ഇന്ത്യക്ക് ലഭിച്ച ഈ വ്യാപാര കരാർ കോടിക്കണക്കിന് ആളുകൾക്ക് ഉപജീവന മാർഗം സൃഷ്ടിക്കുമെന്നും, ഏഷ്യയിലെ മറ്റു രാജ്യങ്ങൾക്ക് ഇത്ര മികച്ച ഡീൽ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക