ഹിസ്ബുള്ളയുടെ സൈനിക പ്രവർത്തനങ്ങൾക്ക് നിരോധനവുമായി ലെബനൻ

ഇറാനിയൻ പിന്തുണയുള്ള തീവ്രവാദ സംഘടനയായ ഹിസ്ബുള്ളയുടെ എല്ലാ സുരക്ഷാ, സൈനിക പ്രവർത്തനങ്ങളും നിരോധിച്ചതായി ലെബനൻ പ്രധാനമന്ത്രി നവാഫ് സലാം പ്രഖ്യാപിച്ചു. ഇന്ന് നടത്തിയ ഔദ്യോഗിക പ്രസ്താവനയിലാണ് തീരുമാനം അറിയിച്ചത്. ഹിസ്ബുള്ളയുടെ കൈവശമുള്ള ആയുധങ്ങൾ രാജ്യത്തിന് കൈമാറണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

ഗ്രൂപ്പിനെ നിരായുധീകരിക്കുന്നതിനായുള്ള പദ്ധതി ലെബനൻ സൈന്യം ഉടൻ നടപ്പിലാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും മുൻനിർത്തിയാണ് നടപടിയെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

നിരോധനത്തിന്റെ പശ്ചാത്തലത്തിൽ, വടക്കൻ ഇസ്രായേലിലേക്ക് ഹിസ്ബുള്ള അവകാശവാദമുന്നയിച്ച മിസൈൽ വിക്ഷേപണത്തെ പ്രധാനമന്ത്രി പരാമർശിച്ചു. ശനിയാഴ്ച ആരംഭിച്ച യുഎസ്–ഇസ്രായേൽ സൈനിക നീക്കത്തിൽ ഇറാന്റെ പരമോന്നത നേതാവ്അലി ഖമേനി കൊല്ലപ്പെട്ടതിനു പ്രതികാരമായാണ് ആക്രമണമെന്നായിരുന്നു ഹിസ്ബുള്ളയുടെ വിശദീകരണം.

രാജ്യം “നടന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നു” എന്ന സാഹചര്യം അംഗീകരിക്കാനാകില്ലെന്നും, സമാധാനത്തോടുള്ള ലെബനന്റെ പ്രതിബദ്ധതയ്ക്ക് ഹിസ്ബുള്ളയുടെ നടപടി വിരുദ്ധമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി കർശന നടപടികൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക