ബംഗാളിൽ മെസ്സി വിവാദം ശക്തമാകുന്നു : മമത ബാനർജി രാജിവെക്കണം; പിന്നാലെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം

ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തോടനുബന്ധിച്ച് സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഉണ്ടായ സംഘർഷം പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിൽ വലിയ കൊടുങ്കാറ്റായി മാറിയിരിക്കുകയാണ്. ഭരണപരമായും നിയമ പാലനത്തിലും ഗുരുതര വീഴ്ച സംഭവിച്ചുവെന്ന ആരോപണവുമായി പ്രതിപക്ഷം മുഖ്യമന്ത്രി മമത ബാനർജിയുടെ രാജി ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയാണ് ബംഗാളിനെ ലോകത്തിനു മുന്നിൽ നാണംകെടുത്തിയ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മമത ബാനർജി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിലും കുറച്ചുകൂടി മുന്നോട്ട് പോയി, മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമുയർത്തി അസം മുഖ്യമന്ത്രി കൂടിയായ ബിജെപി നേതാവ് ഹിമന്ത ബിശ്വ ശർമ്മയും രംഗത്തെത്തി.

വിവേകാനന്ദ യുവ ഭാരതി ക്രിരംഗനിൽ (സാൾട്ട് ലേക്ക് സ്റ്റേഡിയം) നടന്ന പരിപാടിയിൽ ആയിരക്കണക്കിന് ആരാധകർ ടിക്കറ്റ് വാങ്ങി എത്തിയിരുന്നുവെങ്കിലും, മെസ്സിയെ വ്യക്തമായി കാണാൻ സാധിക്കാത്തതായിരുന്നു പ്രതിഷേധത്തിനും അക്രമങ്ങൾക്കും ഇടയാക്കിയത്. വിഐപികളുടെ അമിത സാന്നിധ്യം മൂലം മെസ്സിക്ക് ചുറ്റും നേതാക്കൾ തിങ്ങിക്കൂടിയതോടെ സാധാരണ ഫുട്‌ബോൾ ആരാധകർക്ക് സ്റ്റേഡിയത്തിലെ വൻ സ്‌ക്രീനുകളിൽ മാത്രം അഞ്ചോ ഏഴോ മിനിറ്റ് താരത്തെ കാണാൻ കഴിയുന്ന അവസ്ഥയായിരുന്നു. ഇതിൽ രോഷാകുലരായ ആരാധകർ കസേരകൾ തകർക്കുകയും മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. തുടർന്ന് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തേണ്ടിവന്നു.

സംഘാടനത്തിലെ ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടി സുവേന്ദു അധികാരി ശക്തമായ വിമർശനം ഉന്നയിച്ചു. ടിക്കറ്റ് എടുത്ത എല്ലാ ആരാധകർക്കും നൂറ് ശതമാനം പണം തിരികെ നൽകണം, സംഭവത്തിന് ഉത്തരവാദികളായ സംഘാടകരെയും മന്ത്രിമാരെയും ഉടൻ അറസ്റ്റ് ചെയ്യണം, മുഖ്യമന്ത്രി മമത ബാനർജി രാജിവെക്കണം എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് അദ്ദേഹം മുന്നോട്ട് വെച്ചത്. മെസ്സിയുടെ പരിപാടി തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ഒരു ‘കൊള്ളയടിക്കൽ ഉത്സവമായി’ മാറിയെന്നും അദ്ദേഹം ആരോപിച്ചു.

മറുപടി രേഖപ്പെടുത്തുക