ഒരു ഗ്രാമം പൂർണമായി ഒഴുകിപ്പോയി, ആയിരത്തിലധികം പേർ മരിച്ചു, രക്ഷപ്പെട്ടത് ഒരാൾ മാത്രം; സുഡാനിൽ കനത്ത നാശം വിതച്ച് ഉരുൾപൊട്ടൽ

ഖാർത്തും: സുഡാനിൽ ഉരുൾപൊട്ടലിൽ ആയിരത്തിലധികം പേർ മരിച്ചു. വടക്കൻ സുഡാനിലെ ദർഫർ മേഖലയിലെ ഒരു ഗ്രാമം പൂർണമായി ഒഴുകിപ്പോയി. തർസീൻ ഗ്രാമത്തിലെ ഒരാൾ മാത്രമാണ് ജീവനോടെ ശേഷിക്കുന്നത് എന്നാണ് സുഡാൻ ലിബറേഷൻ ആർമി വ്യക്തമാക്കിയത്. രക്ഷാപ്രവർത്തനം നടത്താൻ കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ് ഈ ഗ്രാമം. ഒറ്റപ്പെട്ട മലയോര പ്രദേശമാണിത്. അതിനാൽ രക്ഷാപ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം തേടിയിരിക്കുകയാണ് സുഡാൻ ലിബറേഷൻ ആർമി. പട്ടിണി മൂലം കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർ ഇവിടെ മരിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.

ഞായറാഴ്ചയാണ് ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ തർസീനിൽ മണ്ണിടിച്ചിൽ തുടങ്ങിയത്. ഒരാഴ്ച നീണ്ട ശക്തമായ മഴയ്ക്ക് പിന്നാലെയായിരുന്നു ഇത്. ആഭ്യന്തര യുദ്ധത്തിനിടെ ജീവനും കൊണ്ടോടിയവരാണ് ഈ ഗ്രാമത്തിലുണ്ടായിരുന്നത്. സുഡാൻ സൈന്യവും അർദ്ധ സൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സും തമ്മിലാണ് പോര്. സുഡാൻ ലിബറേഷൻ ആർമി ഈ പോരിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അതുകൊണ്ടാണ് ഇവരുടെ നിയന്ത്രണത്തിലുള്ള ഗ്രാമത്തിലേക്ക് ആളുകൾ പലായനം ചെയ്തത്. ജനങ്ങൾ പട്ടിണിയിൽ വലയുന്നതിനിടെയാണ് പ്രകൃതിക്ഷോഭം ആ ഗ്രാമത്തിനെയാകെ തന്നെ തുടച്ചുനീക്കിയിരിക്കുന്നത്.

കനത്ത മഴ തുടർന്നാൽ സമാനമായ ദുരന്തം തങ്ങൾക്കും സംഭവിക്കുമോ എന്ന ഭയത്തിലാണ് സമീപ ഗ്രാമത്തിലുള്ളവർ. സമഗ്രമായ ഒഴിപ്പിക്കൽ പദ്ധതിയും അടിയന്തര ദുരിതാശ്വാസ ക്യാമ്പുകളും ഈ പ്രദേശങ്ങളിൽ അനിവാര്യമാണെന്ന് സുഡാൻ ലിബറേഷൻ ആർമി നേതാവായ അബ്ദുൽവാഹിദ് മുഹമ്മദ് നൂർ പറഞ്ഞു. രണ്ട് വർഷം നീണ്ട ആഭ്യന്തരയുദ്ധം സുഡാനിലെ ജനസംഖ്യയുടെ പകുതിയിലധികം പേരെയും കടുത്ത പട്ടിണിയിലേക്ക് തള്ളിവിട്ടു, ലക്ഷക്കണക്കിന് ആളുകൾക്ക് കിടപ്പാടം നഷ്ടമായി. ഇതിനൊപ്പം പ്രകൃതിദുരന്തം കൂടി സംഭവിച്ചതോടെ ജനങ്ങൾ കൂടുതൽ ദുരിതത്തിലായി.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു