ദേശീയ പണിമുടക്ക് ആരംഭിച്ചു ; കേരളം നിശ്ചലം, ‘ഡയസ്നോൺ’; കെഎസ്ആർടിസി ഓടില്ല

കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും ചേർന്ന് പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. 30 കോടിയിലധികം തൊഴിലാളികൾ പങ്കെടുക്കുന്ന സമരത്തിന് ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു ഉൾപ്പെടെ പത്ത് പ്രമുഖ സംഘടനകൾ നേതൃത്വം നൽകുന്നതിനാൽ കേരളത്തിൽ പൊതുജീവിതം കാര്യമായി ബാധിച്ചിരിക്കുകയാണ്.

ഇന്നലെ അർധരാത്രി 12 മണിക്ക് ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി വരെ തുടരും. ബി.എം.എസ് സമരത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്. കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ് അനുകൂല സംഘടനകൾ സജീവമായി രംഗത്തുണ്ട്. സി.ഐ.ടി.യുവും ഐ.എൻ.ടി.യു.സിയും സംയുക്ത സമരസമിതിയുടെ ഭാഗമായിരുന്നാലും സംസ്ഥാനത്ത് വേർതിരിച്ചാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരായ പ്രതിഷേധമാണ് സമരത്തിന് പിന്നിലെ പ്രധാന കാരണം.

ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. പണിമുടക്കിൽ പങ്കെടുക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഇന്നത്തെ ശമ്പളം അനുവദിക്കില്ല. ജോലിയിൽ ഹാജരാകാത്തവരുടെ ശമ്പളം റദ്ദാക്കാനാണ് തീരുമാനം. ഇടതുപക്ഷ പാർട്ടികളും സി.ഐ.ടി.യുവും സമരത്തിൽ സജീവമായിരിക്കെ, കോടതിയുടെ കർശന നിർദേശങ്ങൾ നിലവിലുണ്ടായതിനാലാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.

ജോലിക്കെത്തുന്ന ജീവനക്കാരെ തടയരുതെന്നും അവർക്കാവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മതിയായ കാരണങ്ങളില്ലാതെ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവർക്ക് നടപടികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.

ദേശീയതലത്തിൽ വിവിധ ട്രേഡ് യൂണിയനുകൾ സംയുക്തമായി സമരം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു എന്നിവർ വ്യത്യസ്ത രീതികളിലാണ് പണിമുടക്ക് സംഘടിപ്പിക്കുന്നത്. സെക്രട്ടേറിയറ്റിലെ കോൺഗ്രസ് സംഘടനയായ സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലും കെ.പി.എസ്.ടി.യും സമരത്തിൽ പങ്കെടുക്കുന്നില്ല. അതേസമയം എൻ.ജി.ഒ അസോസിയേഷൻ സമരത്തിൽ സജീവ പങ്കാളിത്തം രേഖപ്പെടുത്തുന്നു.

മറുപടി രേഖപ്പെടുത്തുക