എം ഫൈവ് ലൈവിൽ പുതിയ നിയമനങ്ങൾ: ആർ. അജിത്ത് കുമാർ ചീഫ് എഡിറ്റർ, ജി. കെ. സുരേഷ് ബാബു ന്യൂസ് ഡയറക്ടർ

സാറ്റലൈറ്റ് ന്യൂസ് ചാനലായ എം ഫൈവ് ലൈവിൽ മുതിർന്ന മാധ്യമപ്രവർത്തകരായ ആർ. അജിത്ത് കുമാറിനെ ചീഫ് എഡിറ്ററായും ജി. കെ. സുരേഷ് ബാബുവിനെ ന്യൂസ് ഡയറക്ടറായും നിയമിച്ചു.

കൊച്ചിയിലെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ മീഡിയ കമ്പനിയായ പ്രജ്ഞ ന്യൂസ് എൽ.എൽ.പി.യാണ് ഇരുവരുടെയും നിയമന ഉത്തരവ് കൈമാറിയത്. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പി.ആർ. സോംദേവിൽ നിന്ന് മഹാത്മാഗാന്ധിയുടെ ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകത്തോടൊപ്പം ഇരുവരും നിയമന കത്തുകൾ ഔപചാരികമായി ഏറ്റുവാങ്ങി.

‘അനുഭവസമ്പത്തുള്ള കൈകളിലൂടെ വാർത്തകൾ’ എന്ന കാമ്പയിനിലൂടെയാകും ചാനൽ കേരളത്തിൽ പ്രവർത്തനം ആരംഭിക്കുകയെന്ന് സി.ഇ.ഒ. സോംദേവ് അറിയിച്ചു. ദൃശ്യമാധ്യമ രംഗത്ത് നിലവിൽ നടക്കുന്ന അധാർമ്മിക മത്സരബുദ്ധിയും ലാഭത്തിനായി വാർത്തകളെ വിനോദവത്കരിക്കുന്ന പ്രവണതയും സാക്ഷര കേരളത്തിന് യോജിച്ചതല്ലെന്നും, ഇനി അനുഭവസമ്പത്തുള്ള മാധ്യമപ്രവർത്തകർ വാർത്താമാധ്യമങ്ങളെ നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വ്യവസായ പ്രമുഖൻ ആർ. പ്രേകുമാറിന്റെ രക്ഷാകർതൃത്വത്തിലാണ് ചാനൽ സജ്ജീകരിച്ചിരിക്കുന്നത്.

വാർത്താമാധ്യമ രംഗത്ത് 35 വർഷത്തിലധികം പ്രവർത്തന പരിചയമുള്ളവരാണ് ആർ. അജിത്ത് കുമാറും ജി. കെ. സുരേഷ് ബാബുവും. മംഗളം ദിനപത്രം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ, മംഗളം ന്യൂസ് ചാനൽ മാനേജിങ് ഡയറക്ടർ, ന്യൂസ് മലയാളം ചാനൽ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എന്നീ സ്ഥാനങ്ങൾ അജിത്ത് കുമാർ വഹിച്ചിട്ടുണ്ട്. ജനം ടി.വി. ചീഫ് എഡിറ്റർ, അമൃത ടി.വി. വാർത്താ വിഭാഗം മേധാവി എന്നീ ചുമതലകളും മാതൃഭൂമിയിൽ വിവിധ തസ്തികകളിലും സുരേഷ് ബാബു പ്രവർത്തിച്ചിട്ടുണ്ട്.

ചടങ്ങിൽ റിക്രൂട്ട്മെന്റ് ബോർഡ് എക്‌സിക്യൂട്ടീവ് അംഗം എൻ. അളകപ്പൻ, പബ്ലിക് റിലേഷൻസ് കൺസൾട്ടന്റ് രഞ്ജിനി ഹരിദാസ്, പ്രോഗ്രാം ഹെഡ് ഷിബു ചക്രവർത്തി, ചീഫ് വിഷ്വൽ എഡിറ്റർ ടി.ആർ. ജിതേഷ്, ഡിജിറ്റൽ മീഡിയ എഡിറ്റർ എം. മനോജ്, എച്ച്.ആർ. ഹെഡ് വി.ജെ. ടിംസൺ, എക്‌സിക്യൂട്ടീവ് ഓഫീസ് മാനേജർ വർഷ വാസുദേവൻ, ലൈസൺ ഓഫീസർ റിനോയ് ജോസ്, ബ്രോഡ്കാസ്റ്റ് കൺസൾട്ടന്റ് രാജീവ് മേനോൻ, ചീഫ് ലൈബ്രേറിയൻ സന്തോഷ് കുമാർ, വിനോദ്, സി.ടി.ഒ. ജയപാൽ, ഇവന്റ്‌സ് മാനേജർ പിങ്കി അരുണ്‍, മോഹൻ പുതുശ്ശേരി എന്നിവർ പങ്കെടുത്തു.

മറുപടി രേഖപ്പെടുത്തുക