യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ സ്ഥിരം ലൈംഗിക കുറ്റവാളിയായി അറിയപ്പെടുന്നയാളാണെന്ന് സിപിഐ(എം) നേതാവ് എം.വി. ജയരാജൻ ആരോപിച്ചു. ഇതിലൂടെ കോൺഗ്രസിന്റെ ജീർണ്ണതയാണ് പുറത്തുവരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെതിരെ നടപടി എടുത്തുവെന്ന കോൺഗ്രസിന്റെ അവകാശവാദം വെറും സാങ്കേതിക നടപടിയാണെന്നും, ആ നടപടി പ്രായോഗികമായി ഒന്നും നടപ്പാക്കിയിട്ടില്ലെന്നും ജയരാജൻ കുറ്റപ്പെടുത്തി.
കോൺഗ്രസിന്റെ വിവിധ വേദികളിൽ രാഹുലിന് ഇരിപ്പിടം നൽകുകയും ബൊക്കെ നൽകി സ്വീകരിക്കുകയും ചെയ്തുവെന്നും, ഇത് നടപടി ഉണ്ടായെന്ന വാദം പൊളിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. 2022ൽ തന്നെ ഒരു യുവതി രാഹുലിനെതിരെ കോൺഗ്രസിൽ പരാതി നൽകിയിരുന്നുവെങ്കിലും, ആ പരാതി ഒതുക്കി രാഹുലിനെ സംരക്ഷിക്കുകയായിരുന്നുവെന്നാണ് എം.വി. ജയരാജന്റെ ആരോപണം.
കോൺഗ്രസിന്റെ സാധാരണ പ്രവർത്തകരും ഇപ്പോൾ ചോദ്യങ്ങളുയർത്തുന്നുണ്ടെന്നും, രാഹുലിന്റെ വീട് എവിടെയാണെന്ന് അവർ ചോദിക്കുകയാണെന്നും ജയരാജൻ പറഞ്ഞു. കോൺഗ്രസ് വാഗ്ദാനം ചെയ്ത വീട് ലഭിച്ചില്ലെന്ന പരാതിയുമായി കോൺഗ്രസ് അനുഭാവികൾ നേതൃത്വത്തിന് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടം പറഞ്ഞ വടകരയിലെ ഫ്ലാറ്റ് ആരുടേതാണെന്ന കാര്യം കേരളം അറിയാൻ ആഗ്രഹിക്കുന്നുവെന്നും എം.വി. ജയരാജൻ കൂട്ടിച്ചേർത്തു.
