രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണം: ടി പി രാമകൃഷ്ണൻ

അതിജീവിതയുടെ ചാറ്റുകൾ പുറത്തുവിട്ടത് സ്ത്രീവിരുദ്ധ സമീപനമാണെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും അതേ സമീപനമാണ് തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് വി.എം. സുധീരൻ ആവശ്യപ്പെട്ടതായും ടി.പി. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ഇത്തരമൊരു ആവശ്യം കെപിസിസി അധ്യക്ഷൻ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച അദ്ദേഹം, കോൺഗ്രസിന്റെ പിന്തുണയോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചതെന്നും ഓർമ്മിപ്പിച്ചു.

അതേസമയം, കേരള കോൺഗ്രസ് എം ഇടതുമുന്നണിയുടെ ഭാഗമാണെന്നും മുന്നണിയിൽ ഉറച്ചുനിൽക്കുമെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ടെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു. അവരുടെ സ്റ്റിയറിങ് കമ്മിറ്റി യോഗം ആഭ്യന്തര കാര്യമാണെന്നും, അതിൽ എൽഡിഎഫിന് യാതൊരു വിസ്മയവും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫിനാണ് പരിഭ്രാന്തിയെന്നും, ആരെയെങ്കിലും സ്വന്തമാക്കാനായി അവർ ചുറ്റിക്കറങ്ങുകയാണെന്നും ടി.പി. രാമകൃഷ്ണൻ പരിഹസിച്ചു.

മറുപടി രേഖപ്പെടുത്തുക