ക്രിസ്മസ്–പുതുവത്സര ആഘോഷകാലത്ത് ട്രെയിൻ യാത്രക്കാരെ ആശങ്കയിലാക്കി റെയിൽവേ ടിക്കറ്റ് നിരക്കുകളിൽ വർധന പ്രഖ്യാപിച്ചു. ദീർഘദൂര യാത്രകളെയാണ് പുതിയ തീരുമാനം പ്രധാനമായും ബാധിക്കുന്നത്. 215 കിലോമീറ്ററിന് മുകളിലുള്ള യാത്രകൾക്കാണ് നിരക്ക് വർധന ബാധകമാകുക. പുതുക്കിയ നിരക്കുകൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽ മന്ത്രാലയം അറിയിച്ചു. പ്രതിവർഷം റെയിൽവേ വരുമാനം ഏകദേശം 600 കോടി രൂപ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിഷ്കാരം നടപ്പിലാക്കുന്നത്.
പുതിയ നിരക്ക് പ്രകാരം നോൺ-എസി കോച്ചുകളിൽ 500 കിലോമീറ്റർ വരെ സഞ്ചരിക്കുന്നവർ ഓരോ ടിക്കറ്റിനും 10 രൂപ അധികമായി നൽകേണ്ടിവരും. ഓർഡിനറി ക്ലാസുകളിലെ യാത്രാ നിരക്കിൽ കിലോമീറ്ററിന് 1 പൈസയും എസി ക്ലാസുകളിൽ 2 പൈസയും വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ 215 കിലോമീറ്റർ വരെയുള്ള ഹ്രസ്വദൂര യാത്രകൾക്ക് നിരക്ക് വർധന ബാധകമല്ലെന്നത് യാത്രക്കാർക്ക് ആശ്വാസമാണ്. കൂടാതെ ലക്ഷക്കണക്കിന് സാധാരണ യാത്രക്കാർ ആശ്രയിക്കുന്ന സബർബൻ ട്രെയിനുകളുടെ നിരക്കുകളിൽ മാറ്റമില്ലെന്നും മന്ത്രാലയം അറിയിച്ചു.
വർഷങ്ങളായി ചെലവുകൾ വർധിച്ചിട്ടും 2018ന് ശേഷം ടിക്കറ്റ് നിരക്കുകളിൽ പരിഷ്കാരം നടത്തിയിരുന്നില്ലെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കി. ഇൻപുട്ട് ചെലവുകളിലുണ്ടായ വർധനവ് നേരിടുന്നതിനായാണ് ഇപ്പോഴത്തെ നിരക്ക് വർധന. ഡിസംബർ 26 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതുക്കിയ നിരക്കുകൾ ബാധകമാകുന്നതോടെ ദീർഘദൂര ട്രെയിൻ യാത്രകൾ ഇനി കൂടുതൽ ചെലവേറിയതാകും.
