ഗുരുവായൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിവാദ പരാമർശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രംഗത്ത്. ഗുരുവായൂരിൽ വിശ്വാസിയായ എംഎൽഎ വേണമെന്ന സ്ഥാനാർഥിയുടെ ചോദ്യത്തിൽ തെറ്റില്ലെന്നും അത് വർഗീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റുള്ളവർ മതത്തെ അടിസ്ഥാനമാക്കി പ്രസ്താവനകൾ നടത്തുമ്പോൾ പ്രതികരിക്കാത്തവർ, ബിജെപി നേതാക്കൾ സംസാരിക്കുമ്പോൾ മാത്രം അതിനെ വർഗീയതയായി ചിത്രീകരിക്കുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. വിശ്വാസിയായ ജനപ്രതിനിധിയെക്കുറിച്ചുള്ള ചർച്ചകൾ സ്വാഭാവികമാണെന്നും, ഗോപാലകൃഷ്ണന്റെ പ്രസ്താവനയെ വിദ്വേഷപരമായി കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിവാദ പരാമർശത്തിൽ ബി. ഗോപാലകൃഷ്ണൻ നിലപാട് മാറ്റിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഗുരുവായൂർ പൊലീസ് ഇതിനകം കേസെടുത്തിട്ടുണ്ട്.
തുടർന്ന് തൃശൂർ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം ചാവക്കാട് പൊലീസും ഗോപാലകൃഷ്ണനെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട തുടർനടപടികൾ പുരോഗമിക്കുകയാണ്.
