രാഹുലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതി നൽകിയ അതിജീവിതയെ അഭിനന്ദിച്ച് റിനി ആൻ ജോർജ്

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിലേക്ക് നയിച്ച പരാതി നൽകിയ അതിജീവിതയെ അഭിനന്ദിച്ച് നടി റിനി ആൻ ജോർജ് രംഗത്തെത്തി. ഈ വിഷയത്തെ ഇനിയും രാഷ്ട്രീയപ്രേരിതമായി കാണരുതെന്നും, കൂടുതൽ അതിജീവിതകൾ പരാതിയുമായി മുന്നോട്ട് വരണമെന്നും റിനി മാധ്യമങ്ങളിലൂടെ അഭ്യർഥിച്ചു. അതിജീവിതകൾ നേരിടുന്ന ഏറ്റവും വലിയ വേദന, തങ്ങൾക്ക് ജനിച്ചേക്കാമായിരുന്ന കുഞ്ഞുങ്ങളെ നിർബന്ധപൂർവം നശിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതാണെന്നും അവർ പറഞ്ഞു.

വലിയ തോതിലുള്ള സൈബർ ആക്രമണങ്ങൾ നേരിടുന്ന സാഹചര്യത്തിലും ധൈര്യത്തോടെ മുന്നോട്ട് വന്ന പെൺകുട്ടിയെ അഭിനന്ദിക്കുന്നുവെന്ന് റിനി വ്യക്തമാക്കി. “ഇത് രാഷ്ട്രീയപ്രേരിതമായ വിഷയമല്ലെന്ന് ആദ്യം തന്നെ പറയണം. മൂന്നാമത്തെ പരാതി ഉയർന്നത് ഒരു തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ്. അടുത്ത തെരഞ്ഞെടുപ്പിന് ഇനിയും മാസങ്ങൾ ബാക്കി നിൽക്കുന്നു. കൂടാതെ ആരോപണവിധേയനായ വ്യക്തിയെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങളൊക്കെ പരിശോധിച്ചാൽ വിഷയത്തിന് രാഷ്ട്രീയപ്രേരണയില്ലെന്നത് വ്യക്തമാണ്,” റിനി പറഞ്ഞു.

ഇത് സ്ത്രീകൾ അവരുടെ അനുഭവങ്ങളും വേദനകളും പൊതുസമൂഹത്തിന് മുന്നിൽ വെച്ച വിഷയമാണെന്നും, ചിലർ ഇത് പരസ്പരസമ്മതത്തോടെയുള്ള ബന്ധത്തിന് ശേഷമുള്ള പരാതിയെന്ന രീതിയിൽ ലഘൂകരിച്ച് കാണുന്നതിൽ തെറ്റുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. “അതിജീവിതകൾ നേരിടുന്ന യഥാർത്ഥ വേദന, അവർക്ക് ഉണ്ടായ ഗർഭധാരണങ്ങൾ നിർബന്ധപൂർവം അവസാനിപ്പിക്കേണ്ടി വന്നതിലാണ്,” റിനി പറഞ്ഞു.

ആദ്യം പരാതി നൽകിയ യുവതിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിച്ചപ്പോൾ കണ്ണുനിറഞ്ഞുവെന്നും, ഒരു അമ്മയുടെ സ്വപ്നങ്ങളും വേദനയും രോദനവുമാണ് അതിലൂടെ പ്രകടമായതെന്നും റിനി പറഞ്ഞു. ഈ വിഷയത്തെ പൊതുസമൂഹം രാഷ്ട്രീയ കണ്ണിലൂടെ കാണരുതെന്നും, അതിജീവിതകൾക്ക് ഒപ്പമാണ് കേരളത്തിന്റെ മനസാക്ഷിയും സമൂഹവും നിൽക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

ഇത് ഒന്നോ രണ്ടോ കേസുകളിലൊതുങ്ങുന്നതല്ലെന്നും, ഇനിയും കൂടുതൽ അതിജീവിതകൾ മുന്നോട്ട് വരാനുണ്ടെന്നും റിനി വ്യക്തമാക്കി. “നിങ്ങൾ ഇനിയും മറഞ്ഞിരിക്കരുത്. നിങ്ങളുടെ നീതി നിങ്ങൾ തന്നെ തേടണം. ഇത്തരം ക്രിമിനലുകളെ സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടുമ്പോഴാണ് മാറ്റം സാധ്യമാകുന്നത്. ജനങ്ങൾ വിശ്വസിക്കുന്ന ആളുകൾ അധികാരസ്ഥാനങ്ങളിൽ ഇരുന്നുകൊണ്ട് എന്താണ് ചെയ്യുന്നതെന്ന് പ്രബുദ്ധ കേരളം ആലോചിക്കണം. ഇത്തരക്കാർ ആ സ്ഥാനങ്ങളിൽ ഇരിക്കേണ്ടവരാണോ എന്നതും സമൂഹം ചോദിക്കണം,” റിനി ആൻ ജോർജ് പറഞ്ഞു.

മറുപടി രേഖപ്പെടുത്തുക