റോബർട്ടോ കാർലോസിന് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയ നടത്തി

ബ്രസീലിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ പ്രതിരോധ താരം റോബർട്ടോ കാർലോസിന് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ട്. താരത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി സ്‌പാനിഷ് ദിനപത്രമായ എഎസ് റിപ്പോർട്ട് ചെയ്തു. റയൽ മാഡ്രിഡിന്റെ അംബാസഡറായി സേവനമനുഷ്ഠിക്കുന്ന കാർലോസ്, സ്വന്തം നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ആരോഗ്യപ്രശ്നം കണ്ടെത്തിയത്.

കാലിൽ ചെറിയ രക്തക്കട്ട രൂപപ്പെടുന്നതിനെ തുടർന്ന് പരിശോധനയ്ക്ക് എത്തിയതോടെയാണ് ഡോക്ടർമാർ വിശദമായ പരിശോധനകൾ ആരംഭിച്ചത്. ഫുൾ ബോഡി എംആർഐ നടത്തിയപ്പോഴാണ് ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ലെന്ന വിവരം പുറത്തുവന്നത്. ആശങ്കാജനകമായ ഈ കണ്ടെത്തലിനെ തുടർന്ന് ഡോക്ടർമാർ ഉടൻ തന്നെ അടിയന്തര ശസ്ത്രക്രിയക്ക് തീരുമാനിക്കുകയായിരുന്നു. കത്തീറ്റർ ഘടിപ്പിക്കുന്നതിനായാണ് ശസ്ത്രക്രിയ നടത്തിയത്.

ഏകദേശം 40 മിനിറ്റ് നീണ്ടുനിൽക്കുമെന്ന് കരുതിയിരുന്ന നടപടിക്രമം, സങ്കീർണതകളെത്തുടർന്ന് മൂന്ന് മണിക്കൂറോളം നീണ്ടു. നിലവിൽ താരം സൂക്ഷ്മ നിരീക്ഷണത്തിലാണ്. പൂർണമായ ആരോഗ്യസ്ഥിതി ഉറപ്പാക്കുന്നതിനായി ഇനിയും 48 മണിക്കൂർ ആശുപത്രിയിൽ തുടരുമെന്നാണ് വിവരം. ശസ്ത്രക്രിയയ്ക്ക് ശേഷം കാർലോസ് സുഖം പ്രാപിച്ചുവരുന്നതായി താരവും അദ്ദേഹത്തിന്റെ പരിചാരകരും അറിയിച്ചതായി എഎസ് റിപ്പോർട്ട് ചെയ്യുന്നു.

മറുപടി രേഖപ്പെടുത്തുക