സമുദ്രത്തിലെ ആഗോള അധികാര സന്തുലിതാവസ്ഥ പുനഃക്രമീകരിക്കുകയെന്ന ലക്ഷ്യത്തോടെ റഷ്യ, ചൈന, ഇറാന്‍ രാജ്യങ്ങള്‍ സംയുക്ത നാവിക അഭ്യാസങ്ങള്‍ നടത്തുമെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ സഹായി നിക്കോളായ് പത്രുഷേവ് അറിയിച്ചു.
ഇറാന്‍റെ കടല്‍പ്രദേശങ്ങളിലേക്കായി മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള യുദ്ധക്കപ്പലുകള്‍ ഇതിനകം തന്നെ അയച്ചിട്ടുണ്ടെന്ന് അദ്ദേഹം റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഗ്യുമെന്റി ഐ ഫാക്ടിയോട് പറഞ്ഞു. ദീര്‍ഘകാലമായി നിലനിന്നിരുന്ന പാശ്ചാത്യ രാജ്യങ്ങളുടെ മേധാവിത്വത്തിന് മറുപടിയായി “സമുദ്രങ്ങളില്‍ ബഹുധ്രുവ ലോകക്രമം” സൃഷ്ടിക്കാനുള്ള സംയുക്ത ശ്രമത്തിന്റെ ഭാഗമായാണ് ഈ അഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പത്രുഷേവ് വ്യക്തമാക്കി.
‘മാരിടൈം സെക്യൂരിറ്റി ബെല്‍റ്റ്’ എന്ന പേരിലാണ് അഭ്യാസം നടക്കുന്നത്. ഈ മാസം ഒമാന്‍ ഉള്‍ക്കടലിലും വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലുമാണ് യുദ്ധക്കളികള്‍ നടത്തുക. മൂന്ന് രാജ്യങ്ങളില്‍നിന്നുള്ള യുദ്ധക്കപ്പലുകളും സൈനിക വിമാനങ്ങളും അഭ്യാസത്തില്‍ പങ്കെടുക്കും.
ആദ്യഘട്ടത്തില്‍ ഇറാന്‍ നേതൃത്വം നല്‍കിയിരുന്ന ഈ അഭ്യാസങ്ങള്‍ 2019 മുതല്‍ റഷ്യ-ചൈന-ഇറാന്‍ ത്രികക്ഷി തലത്തിലാണ് നടത്തിവരുന്നത്. 2021-ല്‍ ചൈന പങ്കെടുത്തിരുന്നില്ല.
