ഇറാന്റെ ആണവ മേഖല നേതൃത്വവുമായുള്ള ബന്ധം റഷ്യക്ക് നഷ്ടമായി

അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ രാജ്യത്തിന്റെ ആണവ മേഖലയിലെ നേതൃത്വവുമായി ബന്ധം നഷ്ടപ്പെട്ടതായി റഷ്യയുടെ സ്റ്റേറ്റ് ന്യൂക്ലിയർ കോർപ്പറേഷനായ റൊസാറ്റം അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ പ്രസ്താവനയിൽ, തെക്കൻ ഇറാനിലെ ബുഷെഹർ ആണവ നിലയത്തിന്റെ പരിസരത്ത് നടന്ന വ്യോമാക്രമണങ്ങളെത്തുടർന്ന് പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചതായി റോസാറ്റം ഡയറക്ടർ ജനറൽ അലക്സി ലിഖാചേവ് വ്യക്തമാക്കി.

ആണവ കേന്ദ്രത്തിൽ ഏകദേശം 639 റഷ്യൻ ഉദ്യോഗസ്ഥർ തുടരുന്നതായും അദ്ദേഹം പറഞ്ഞു. പ്ലാന്റിലെ രണ്ടാമത്തെയും മൂന്നാമത്തെയും പവർ യൂണിറ്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണെന്നും, ഇതിന്റെ പ്രധാന കരാറുകാരൻ റോസാറ്റമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്ലാന്റിലെ ഇറാനിയൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം തുടരുന്നുണ്ടെങ്കിലും, രാജ്യത്തെ ആണവ മേഖലയിലെ മേധാവികളുമായി ആശയവിനിമയം നഷ്ടപ്പെട്ടതായി ലിഖാചേവ് പറഞ്ഞു. ഇറാനിലെ മറ്റ് ആണവ ഇൻസ്റ്റാളേഷനുകളുടെ നിലവിലെ അവസ്ഥയെക്കുറിച്ചും വ്യക്തതയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

“സ്റ്റേഷന്റെ ഭൗതിക ചുറ്റളവിൽ നിന്ന് കിലോമീറ്ററുകൾ അകലെ സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നു. ലക്ഷ്യം സ്റ്റേഷൻ അല്ല,സമീപത്തെ സൈനിക കേന്ദ്രങ്ങളെയാണ് ആക്രമണങ്ങൾ ലക്ഷ്യമിടുന്നത്. എന്നാൽ ഭീഷണി വ്യക്തമായി വർധിച്ചുവരികയാണ്,” ലിഖാചേവ് പറഞ്ഞു.

പവർ പ്ലാന്റിലെ സ്ഥിതി ഇപ്പോൾ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അറിയിച്ചു. ശനിയാഴ്ച അത്യാവശ്യമില്ലാത്ത ജീവനക്കാരെയും ജീവനക്കാരുടെ കുടുംബാംഗങ്ങളെയും ഉൾപ്പെടെ ഏകദേശം 100 പേരെ ഇറാനിൽ നിന്ന് ഒഴിപ്പിച്ചതായും, സാഹചര്യം അനുകൂലമായാൽ 150 മുതൽ 200 പേരെ കൂടി ഒഴിപ്പിക്കാൻ പദ്ധതിയുണ്ടെന്നും റോസാറ്റം അറിയിച്ചു.

പ്ലാന്റിൽ നിലവിൽ 70 ടൺ പുതിയ ആണവ ഇന്ധനവും 210 ടണ്ണിലധികം ഉപയോഗം കഴിഞ്ഞ ഇന്ധനവും അടക്കം വലിയ തോതിൽ വിഘടന വസ്തുക്കൾ സൂക്ഷിച്ചിട്ടുണ്ടെന്ന് ലിഖാചേവ് വ്യക്തമാക്കി. ഈ ശേഖരത്തിൽ എന്തെങ്കിലും ഗുരുതരമായ ബാധ ഉണ്ടാകുകയാണെങ്കിൽ കുറഞ്ഞത് പ്രാദേശിക തലത്തിലുള്ള ദുരന്തമെങ്കിലും സംഭവിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇറാന്റെ സിവിലിയൻ ആണവ പദ്ധതിയിൽ, പ്രത്യേകിച്ച് ബുഷെഹർ പ്ലാന്റിന്റെ വികസനത്തിൽ, റഷ്യ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. 1970-കളിൽ ഒരു പശ്ചിമ ജർമ്മൻ കമ്പനിയാണ് പ്ലാന്റിന്റെ നിർമ്മാണം ആരംഭിച്ചതെങ്കിലും 1980 ലെ ഇസ്ലാമിക വിപ്ലവത്തിന് പിന്നാലെ പദ്ധതി നിർത്തിവച്ചിരുന്നു. 1990-കളിൽ റോസാറ്റം പദ്ധതി പുനരാരംഭിക്കുകയും 2010-കളുടെ തുടക്കത്തിൽ ആദ്യ പവർ യൂണിറ്റ് പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക