ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ഇന്ന് നിയമസഭ വീണ്ടും കലുഷിതമായി. സഭാ കവാടത്തിൽ നിന്നുതന്നെ ബാനറുകളുമായി എത്തിയ പ്രതിപക്ഷ എംഎൽഎമാർ, സഭ ആരംഭിച്ച ഉടൻ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയായിരുന്നു.
പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തുവരുന്നതിൽ ജനങ്ങൾക്ക് ഗുരുതരമായ ആശങ്കയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സഭയിൽ പറഞ്ഞു. ആവശ്യമായ തെളിവുകൾ ഇതുവരെ ശേഖരിച്ചിട്ടില്ലെന്നും, പ്രതികൾ പുറത്തായാൽ തെളിവുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷണസംഘത്തിന് മേൽ സമ്മർദമുണ്ടെന്ന ആരോപണവും സതീശൻ ആവർത്തിച്ചു.
ഇതിന് മറുപടിയായി, പ്രതിപക്ഷത്തിന്റെ നീക്കം യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണെന്നും, ഭയം കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തിലുള്ള “കോപ്രായങ്ങൾ” കാണിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് തുറന്നടിച്ചു.
തുടർച്ചയായി സഭ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തെ സ്പീക്കർ രൂക്ഷമായി വിമർശിച്ചു. ചെയറിനെ തെരുവിലിട്ട് അലക്കുന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും, വാച്ച് ആൻഡ് വാർഡ് ജീവനക്കാരെ കൊടികെട്ടിയ വടികൊണ്ട് ആക്രമിച്ചുവെന്ന ആരോപണവും സ്പീക്കർ ആവർത്തിച്ചു. പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ ചോദ്യോത്തരവേള റദ്ദാക്കുകയും ചെയ്തു.
