കൊളംബോയില്‍ തീപ്പന്തുകള്‍ വർഷിക്കപ്പെട്ട നാള്‍; സിറാജിന്റെ ലങ്കാദഹനം

15-ാം ഓവറിലെ രണ്ടാം പന്ത് ഹാര്‍ദിക്ക് പാണ്ഡ്യ എറിഞ്ഞ് പൂര്‍ത്തിയാക്കുമ്പോള്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിന്റെ ഗ്യാലറികളില്‍ കരിനീലക്കുപ്പായമണിഞ്ഞെത്തിയവരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. തളര്‍ന്ന് വീണ കാലത്തിനപ്പുറമൊരു ഉയിര്‍പ്പ് സ്വപ്നംകണ്ടെത്തിയ ജനത, തല ഉയര്‍ത്താനാകാതെ അവര്‍ നിശബ്ദതയിലാണ്ടു. കാര്‍മേഘങ്ങള്‍ ശ്രീലങ്കൻ ക്രിക്കറ്റിന് മുകളില്‍ പരവതാനി വിരിച്ച ആ വൈകുന്നേരം. ഒരു ദുസ്വപ്നം ആ മൈതാനത്തേക്ക് പെയ്തിറങ്ങിയ ദിവസം. ലങ്കൻ താരങ്ങളുടേയും ആരാധകരുടേയും ആ ദുസ്വപ്നത്തിലെ യക്ഷിയും മാടനും മറുതയും ഒടിയനുമെല്ലാം ഒരാളായിരുന്നു, മുഹമ്മദ് സിറാജ്.

2023 ഏഷ്യ കപ്പ്. ടൂര്‍ണമെന്റിന്റെ സഞ്ചാരം ഉറപ്പ് നല്‍കിയതൊരു ക്ലാസിക്ക് ഫൈനലിനായിരുന്നു. നാണയഭാഗ്യം ശ്രീലങ്കയ്ക്ക് ഒപ്പം നിന്നു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ ലഭിച്ചേക്കാവുന്ന സ്പിൻ ആനുകൂല്യം ദാസുൻ ഷനകയെ ബാറ്റിങ് എടുക്കാൻ പ്രേരിപ്പിച്ചു. വൈകിയില്ല, ഷനകയുടെ കണക്കുകൂട്ടലുകള്‍ക്ക് മുകളിലേക്ക് മഴയെത്തി. കാര്‍മേഘങ്ങള്‍ക്ക് കീഴില്‍ വൈകിത്തുടങ്ങിയ മത്സരത്തിന് പിന്നീട് വല്ലാത്ത വേഗതയായിരുന്നു. ജസ്പ്രിത് ബുമ്രയുടെ മൂന്നാം പന്തില്‍ കുശാല്‍ പെരേര രാഹുലിന്റെ ഗ്ലൗവില്‍ ഒതുങ്ങി മടങ്ങി. അതായിരുന്നു തുടക്കം.

രണ്ടാം ഓവര്‍ എറിയാൻ സിറാജ്. നാല് തവണ വെള്ളപ്പന്ത് കുശാല്‍ മെൻഡിസിന്റെ ബാറ്റിനെ ബീറ്റ് ചെയ്തു. ടൂര്‍ണമെന്റിലുടനീളം സ്ഥിരതയോടെ ലൈനും ലെങ്തും നിലനിര്‍ത്തിയ സിറാജിന്റേതായി ഒരു ദിവസം ഉണ്ടായിരുന്നില്ല അത് വരെ. പക്ഷേ, തന്റെ ആദ്യ ഓവര്‍ പൂര്‍ത്തിയാക്കുമ്പോള്‍ സിറാജ് മനസില്‍ ഉറപ്പിച്ചിട്ടുണ്ടായിരിക്കണം ഈ ദിവസം തന്റേതാണെന്ന്.

സിറാജിന്റെ തീപന്തുകള്‍ ലങ്കൻ മുൻനിരയോട് ദയയും കരുണയും കാണിക്കാതിരുന്ന നാലാം ഓവര്‍. ഒന്നാം പന്ത് ലെങ്ത് ബോള്‍. ബാറ്റ് വെച്ച പാതും നിസങ്കയുടെ ബൗണ്ടറി മോഹങ്ങള്‍ തല്ലിക്കെടുത്തി രവീന്ദ്ര ജഡേജയുടെ അവിസ്മരണീയ ക്യാച്ച്. നാലാമനായി ക്രീസിലെത്തിയ സദീര സമരവിക്രമയ്ക്ക് സിറാജ് നല്‍കിയ ആയുസ് ഒരു പന്ത് മാത്രം. നേരിട്ട രണ്ടാം പന്തില്‍ സമരവിക്രമയെ വിക്കറ്റിന് മുന്നില്‍ കുടുങ്ങി.

നാലാം ഓവറിലെ നാലാം പന്ത്. ലോക ക്രിക്കറ്റിലെ തന്നെ അന്നത്തെ മികച്ച അഞ്ചാം നമ്പര്‍ ബാറ്റര്‍മാരിലൊരാള്‍, ചരിത് അസലങ്ക. ഓഫ് സ്റ്റമ്പിനുപുറത്തൊരു ഫുള്‍ ലെങ്ത് ഡെലിവെറി. ബാറ്റ് വെച്ച അസലങ്കയ്ക്ക് ചുവടു പിഴച്ചു. പന്ത് കവറിലുണ്ടായിരുന്ന ഇഷാൻ കിഷന്റെ കൈകളില്‍. സ്റ്റേഡിയത്തിലേക്ക് നിശബ്ദത ആഴ്ന്നിറങ്ങുകയായിരുന്നു അവിടെ. സിറാജ് ഓണ്‍ ഫയര്‍ ആൻഡ് ഓണ്‍ ഹാട്രിക്ക്.

പക്ഷേ, സിറാജിന്റെ ഹാട്രിക്ക് പന്ത് ലോങ് ഓണിലേക്ക് ബൗണ്ടറി പായിച്ച് ധനഞ്ജയ ഡി സില്‍വയുടെ പോസിറ്റീവ് തുടക്കം. പന്തെടുക്കാൻ പിന്തുടര്‍ന്നോടി സിറാജ്, കോഹ്ലിയുടെ ചിരി. അടുത്ത പന്തില്‍ ധനഞ്ജയയുടെ ഇന്നിങ്സിനും സിറാജ് കര്‍ട്ടനിട്ടു. നാല് വിക്കറ്റുകള്‍. സിറാജിന്റെ ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ശ്രീലങ്ക 12 റണ്‍സിന് അഞ്ച് വിക്കറ്റ്. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഒരു ഓവറില്‍ നാല് വിക്കറ്റെടുക്കുന്ന ആദ്യ ബൗളറായി സിറാജ് മാറി.

അഞ്ചാം ഓവര്‍ ശ്രീലങ്കയുടെ സ്കോര്‍ ബോര്‍ഡ് ചലിക്കുന്നില്ലെന്ന് ബുമ്ര ഉറപ്പാക്കി. തന്റെ മൂന്നാം ഓവറിനായി സിറാജ് എത്തി. ഫുള്‍ ലെങ്ത് എവെ സ്വിങ്ങര്‍. ഷനകയുടെ ഓഫ് സ്റ്റമ്പ് മണ്ണ് തൊട്ടു. സിറാജ് വാനിലേക്ക് ഉയര്‍ന്നു പൊങ്ങി ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ സ്റ്റൈലില്‍ നേട്ടം ആഘോഷിക്കുകയാണ്. അഞ്ച് വിക്കറ്റിലേക്ക് എത്താൻ ആവശ്യമായി വന്നത് 16 പന്തുകള്‍. ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗതയാര്‍ന്ന അഞ്ച് വിക്കറ്റ് നേട്ടത്തില്‍ സാക്ഷാല്‍ ചാമിന്ദ വാസിനൊപ്പം.

അഞ്ച് വിക്കറ്റില്‍ നില്‍ക്കുന്നതായിരുന്നില്ല സിറാജിന്റെ വേട്ട. ശ്രീലങ്കയുടെ അവസാന പ്രതീക്ഷയായ കുശാല്‍ മെൻഡിസിന്റെ ഓഫ് സ്റ്റമ്പ് തെറിപ്പിച്ച് ശ്രീലങ്കൻ പതനം പൂര്‍ത്തികരിക്കുകയായിരുന്നു സിറാജ്. ഏഴ് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റുകള്‍. ഒടുവില്‍ ഹാര്‍ദിക്ക് പാണ്ഡ്യ ലങ്കാദഹനം പൂര്‍ത്തിയാക്കി. ഷനകയും സംഘവും എടുത്തെറിയപ്പെട്ടത് നാണക്കേടിന്റെ കയത്തിലേക്ക്. ലങ്കയുടെ ഏകദിന ചരിത്രത്തിലെ രണ്ടാമത്തെ ചെറിയ സ്കോര്‍, 92 പന്തുകള്‍ മാത്രം നീണ്ട ഇന്നിങ്സില്‍ 50 റണ്‍സ്.

ലങ്കൻ ആരാധകരില്‍ പലരും സ്റ്റേഡിയം അപ്പോഴേക്കും വിട്ടിരുന്നു. മറുപടി പറയാൻ രോഹിതോ കോലിയോ ക്രീസിലേക്ക് എത്തിയില്ല. പകരം ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും. 6.1 ഓവറില്‍ ഇന്ത്യയ്ക്ക് ജയം. ഏഷ്യ കപ്പിലെ ഉജ്വല പ്രകടനം സിറാജിനെ ലോക ഒന്നാം നമ്പര്‍ ബൗളറാക്കി മാറ്റുകയും ചെയ്തു.

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു