തന്ത്രി കണ്ഠര് രാജീവരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ എസ്ഐടി

ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവരും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) തീരുമാനിച്ചു. സ്വർണം മോഷ്ടിച്ചതിലൂടെ തന്ത്രിക്ക് സാമ്പത്തിക നേട്ടം ഉണ്ടായിട്ടുണ്ടോ എന്നതാണ് അന്വേഷണത്തിന്റെ പ്രധാന ലക്ഷ്യം.

ഇതിന്റെ ഭാഗമായി തന്ത്രിയുടെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ബാങ്ക് അക്കൗണ്ട് വിവരങ്ങൾ വിശദമായി പരിശോധിക്കും. കൂടാതെ, തന്ത്രിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്താനും സാധ്യതയുണ്ട്. ചെങ്ങന്നൂരിലെ തന്ത്രിയുടെ വീടും പരിശോധനാ പരിധിയിൽ ഉൾപ്പെടും. കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഉടൻ കസ്റ്റഡി അപേക്ഷ നൽകാനും എസ്ഐടി തീരുമാനിച്ചിട്ടുണ്ട്.

ഇതിനിടെ, ശബരിമല സ്വർണ മോഷണ കേസിൽ തന്ത്രി കണ്ഠര് രാജീവറെ ഈ മാസം 23 വരെ കൊല്ലം വിജിലൻസ് കോടതി റിമാൻഡ് ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് തട്ടിപ്പ് നടത്താൻ കൂട്ടുനിന്നതിലൂടെ തന്ത്രി ഗുരുതരമായ ആചാര ലംഘനം നടത്തിയെന്ന് എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ശബരിമലയിലെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ അധികാരിയായ തന്ത്രി കണ്ഠര് രാജീവർ സ്വർണ മോഷണത്തിന് പരോക്ഷമായി പിന്തുണ നൽകി എന്നതാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം. കട്ടിള പാളികൾ കൊണ്ടുപോകുന്നത് ആചാര ലംഘനമാണെന്ന് അറിഞ്ഞിട്ടും തന്ത്രി അത് വിലക്കിയില്ലെന്നും, ദേവസ്വം ബോർഡ് നിർദേശപ്രകാരം ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ നൽകിയപ്പോൾ ഇടപെട്ടില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

മറുപടി രേഖപ്പെടുത്തുക